പണിമുടക്ക്: പൊതുഗതാഗതം സ്തംഭിച്ചു, നിരത്തിൽ സ്വകാര്യ വാഹനങ്ങൾ മാത്രം

Published On: 7 Aug 2018 3:00 AM GMT
പണിമുടക്ക്: പൊതുഗതാഗതം സ്തംഭിച്ചു, നിരത്തിൽ സ്വകാര്യ വാഹനങ്ങൾ മാത്രം

കോഴിക്കോട്: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് പൂർണം. ഒട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്കുലോറികള്‍ എന്നിവ ഓടുന്നില്ല. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകളും പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ തിരുവനന്തപുരത്ത് ആര്‍.സി.സി ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാവശ്യ ചികിത്സക്കെത്തിയവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

കൊച്ചിയില്‍ മെട്രോ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. സ്വകാര്യ ബസുകളില്ലാത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സി രക്ഷയാകുന്ന ഐ.ടി നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മലബാര്‍ മേഖലയില്‍ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്.

കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഓൾ ഇന്ത്യ കോഓർഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്കു നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മോട്ടോർ വാഹന മേഖലയിലെ എല്ലാ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും.

പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കേണ്ട സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Top Stories
Share it
Top