പഴയങ്ങാടി ജ്വല്ലറി കവർച്ച : പ്രതികള്‍ നാട്ടുകാര്‍ തന്നെയെന്ന് പോലീസ് 

Published On: 2018-06-11T18:45:00+05:30
പഴയങ്ങാടി ജ്വല്ലറി കവർച്ച : പ്രതികള്‍ നാട്ടുകാര്‍ തന്നെയെന്ന് പോലീസ് 

കണ്ണൂർ: പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ അല്‍ഫാത്തീ ബി ജ്വല്ലറിയില്‍ നിന്നും ഒരു കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തിന് പിന്നില്‍ പഴയങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ്. ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയാണ് നിര്‍ണായകമായത്. പ്രതിയുടെ സംസാരത്തിൽ നിന്ന് ഇയാൾ പഴയങ്ങാടി ഭാഗത്ത് നിന്നുള്ളയാളാണെന്ന് പോലീസ് കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിന്റെ രേഖാചിത്രവും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ജ്വല്ലറിയില്‍ സാധനങ്ങള്‍ ഇറക്കാന്‍ വന്ന ഡ്രൈവര്‍ കടയുടെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ ഷട്ടര്‍ നന്നാക്കുകയാണെന്നും കടയുടമയും ജീവനക്കാരും പള്ളിയില്‍ പോയതാണെന്നും പറഞ്ഞിരുന്നു. പോലീസ് കഴിഞ്ഞ ദിവസം പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടതോടെ പഴയങ്ങാടി മേഖലയിലുള്ള ചിലര്‍ നാട്ടില്‍ നിന്നും മുങ്ങിയിട്ടുണ്ട്.

സംഘം മാടായിപാറയില്‍ ഒത്തുകൂടി ഒരുക്കം നടത്തിയ ശേഷമാണ് കവര്‍ച്ച നടത്തി രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം. കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ ഒത്തുകൂടിയ സ്ഥലത്ത് നിന്നും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തൃശ്ശൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള ജ്വല്ലറികളിലും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Top Stories
Share it
Top