അഭിമന്യു കൊലപാതകം: ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍

Published On: 2018-07-09T08:45:00+05:30
അഭിമന്യു കൊലപാതകം: ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തില്‍

കൊച്ചി: അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മെസേജിങ്ആപ് ആയ ടെലഗ്രാം ആണ് തീവ്രവാദികള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരം ഗ്രൂപ്പുകളിലേക്ക് കടന്നുകയറി നിരീക്ഷണം നടത്തുകയാണ്.

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നതിന് വാട്‌സാപ് ഗ്രൂപ്പ് വഴിയാണ് പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ വിവരങ്ങള്‍ കൈമാറിയത്. ഇതോടെയാണ് സമാന ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.'മെസേജ് ടു കേരള' ഉള്‍പ്പെടെയുള്ള ചില ഗ്രൂപ്പുകളെ നേരത്തേതന്നെ ഇന്റലിജന്‍സ് നിരീക്ഷിക്കുകയാണ്.

ഐഎസുമായി ബന്ധപ്പെട്ട സന്ദേശങ്ങളായിരുന്നു ഇതില്‍ വന്നത്. ഇങ്ങനെ വിവിധ പേരുകളില്‍ തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന ഇരുനൂറോളം ഗ്രൂപ്പ് ഇന്റലിജന്‍സ് കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, മുന്‍ സിമി പ്രവര്‍ത്തകര്‍, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ തുടങ്ങിയവരാണ് കൂടുതലും വാട്‌സാപ് വഴി വര്‍ഗീയതയും തീവ്രവാദവും പ്രചരിപ്പിക്കുന്നത്.

വാട്‌സാപ് ഹര്‍ത്താലില്‍ കൊല്ലത്തെ ഒരു പ്രമുഖ ശിവസേന പ്രവര്‍ത്തകന്റെ പങ്ക് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ പിന്നീട് ചില തീവ്രവാദ സംഘടനകള്‍ അവരുടെ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താണ് ഹര്‍ത്താലിലേക്കെത്തിയത്. പല ഗ്രൂപ്പുകളും സ്വതന്ത്രമായ പേരും പ്രൊഫൈല്‍ പടവുമാണ് ഉപയോഗിക്കുന്നത്. മറ്റ് മതസ്ഥരുമായി ബന്ധപ്പെട്ട പേരും ഫോട്ടോയും ഉപയോഗിക്കുന്നവരുമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇംഗ്ലീഷ് അക്ഷരത്തിലുള്ള ഒരു വാട്‌സാപ് ഗ്രൂപ്പ് വഴിയും തീവ്രവാദം പ്രചരിപ്പിക്കുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. മെസേജ്ടു കേരള ഗ്രൂപ്പില്‍ അറുനൂറോളം പേര്‍ അംഗങ്ങളാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം ജില്ലകളിലെ കൗമാരക്കാരാണ് ഭൂരിപക്ഷവും. ഇവരില്‍ 350 പേരെ നേരില്‍ക്കണ്ട് സംസാരിച്ച് പൊലീസ് രക്ഷിച്ചിരുന്നു. കൗമാരക്കാര്‍ വാട്‌സാപ് കെണിയില്‍പ്പെടാതിരിക്കാനുളള അവരുടെ വീടുകളിലെത്തി നടത്തുന്ന ബോധവല്‍ക്കരണം ഊര്‍ജിതമാക്കാനും തീരുമാനിച്ചു.


Top Stories
Share it
Top