അഭിമന്യു വധക്കേസ്: പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു....

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രധാന പ്രതികളെ പിടികിട്ടാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്. മുഖ്യ പ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കൊലപാതകം നടത്തിയ സംഘത്തിലുള്ളവരെന്ന് കരുതുന്ന നെട്ടൂര്‍ സ്വദേശികളായ ആറ് പേര്‍ക്ക് വേണ്ടിയും ശക്തമായ തെരച്ചിലാണ് നടത്തുന്നത്. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പ്രത്യേക പൊലീസ് സംഘങ്ങള്‍ പരിശോധന തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവരെ കൂടി കണ്ടെത്തിയാലേ അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ഇതു വരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റ് ചെയ്ത മട്ടാഞ്ചേരി സ്വദേശിയും എസ് ഡി പി ഐ പ്രവര്‍ത്തകനുമായ നവാസ്, ജെഫ്രി എന്നിവരെ റിമാന്‍ഡ് ചെയ്തു.
15 പേരാണ് കേസിലെ പ്രതികള്‍. അറസ്റ്റ് ചെയ്തവരില്‍ 3 പേരാണ് കൃത്യത്തില്‍ പങ്കെടുത്തതായി കരുതുന്നവര്‍. രണ്ട് പേരെ പ്രതികള്‍ക്ക് സഹായം നല്‍കിയതിനാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നത് തടയാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ച്ചുമായും വാട്‌സ് ആപ്പ് ഹര്‍ത്താലുമായും ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.

Story by
Read More >>