കുത്തിക്കെടുത്തിയത് തോട്ടം തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷ

Published On: 2 July 2018 7:00 AM GMT
കുത്തിക്കെടുത്തിയത് തോട്ടം തൊഴിലാളി കുടുംബത്തിന്റെ പ്രതീക്ഷ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ അഭിമന്യു കൊല്ലപ്പെട്ടതോടെ കെട്ടുപോയത് ഒരു തോട്ടം തൊഴിലാളി കുടുബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.
ഇരുപതുകാരനായ അഭിമന്യു എറണാകുളം മഹാരാജാസ് കോളജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

ചുറുചുറുക്കുള്ള വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്നു അഭിമന്യു. സഹപ്രവര്‍ത്തകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവന്‍. നാട്ടുകാര്‍ക്കും സ്‌നേഹത്തോടെ മാത്രമേ അവനെ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.അതിലുപരി ദരിദ്രമായ ചുറ്റുപാടില്‍ കഴിയുന്ന ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അഭിമന്യുവിലായിരുന്നു.

അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തും തോട്ടം തൊഴിലാളികളാണ്. സഹോദരി കൗസല്യ കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയില്‍ തൊഴിലാളിയാണ്. ഇവരുടെയെല്ലാം പ്രതീക്ഷ അഭിമന്യുവിലായിരുന്നു. അവരുടെ കഠിനാധ്വാനത്തിലൂടെയാണ് അഭിമന്യുവിനെ ഡിഗ്രി വരെ എത്തിച്ചത്. ഇടുക്കിയിലെ വട്ടവടയെന്ന പിന്നാക്ക ഗ്രാമത്തില്‍ നിന്നാണ് അവന്‍ നഗരത്തിലെത്തിയത്. സ്‌കൂളിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. പിന്നാക്ക കുടുംബമായിരുന്നു അഭിമന്യുവിന്റേത്.

'നാട്ടില്‍ നിന്ന് ഡിഗ്രിക്ക് പഠിക്കാന്‍ പോയത് അവനായിരുന്നു,' എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിയാനായി കാത്തിരുന്ന അച്ഛന്‍ മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് തിരിച്ച് കോളജിലേക്ക് മടങ്ങിയിരുന്നു.

ഒരു വര്‍ഷം മുമ്പ് മകന്റെ ബിഎസ്സി അഡ്മിഷന് വേണ്ടി മഹാരാജാസില്‍ എത്തുമ്പോള്‍ നിറയെ പ്രതീക്ഷകളുണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം അവസാനിച്ച് നാട്ടിലേക്ക് അവന്റെ ചേതനയറ്റ ശരീരവുമായി മടങ്ങേണ്ടി വന്നിരിക്കുന്നു. കരച്ചിലടക്കാന്‍ കഴിയാതെ അമ്മ ഭൂപതിയും സഹോദരനും സഹോദരിയും.

Top Stories
Share it
Top