അഭിമന്യുവിനെ ഒറ്റിയത് ഒന്നാം പ്രതി മുഹമ്മദ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ എം. അഭിമന്യുവിന്റെ കൊലപാതക കേസിൽ നിർണ്ണായക വെളിപെടുത്തൽ. അഭിമന്യു കൊല്ലപ്പെട്ട ദിവസം...

അഭിമന്യുവിനെ ഒറ്റിയത് ഒന്നാം പ്രതി മുഹമ്മദ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ എം. അഭിമന്യുവിന്റെ കൊലപാതക കേസിൽ നിർണ്ണായക വെളിപെടുത്തൽ. അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി ഫോണിൽ വിളിച്ചത് കേസിലെ മുഖ്യപ്രതി മുഹമ്മദാണെന്ന് സൂചന. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടാതെ, കൊലയാളി സംഘത്തിന് അഭിമന്യുവിനെ കാണിച്ച് കൊടുത്തത് കോളേജിലെതന്നെ വിദ്യാർഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നൽകിയതായി അന്വേഷണ സംഘം പറഞ്ഞു.

മഹാരാജാസ് കോളേജിലെ മൂന്നാം വർഷ അറബിക് വിദ്യാർഥിയാണ് മുഹമ്മദ്. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളേജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാൻ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് പിടിയിലാകണം. കൊലപാതക സംഘത്തിലെ പ്രതികൾ രാജ്യം വിടാനുള്ള സാഹചര്യം മുൻനിർത്തി മുഴുവൻ വിമാനത്താവളങ്ങൾക്കും പൊലീസ് പ്രതികളുടെ വിവരങ്ങൾ കൈമാറി.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കാലാവാല നവാസ്യാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാൾ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പൊലീസ് അറിയിച്ചു.

പോസ്റ്റർ ഒട്ടിക്കുന്നതിനെച്ചൊല്ലി എസ്എഫ്ഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ കോളജിനു സമീപത്ത് തങ്ങിയിരുന്ന കൊലയാളി സംഘത്തെ ക്യാംപസിലേക്കു വിളിച്ചുവരുത്തിയത് മുഹമ്മദാണെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്.