അഭിമന്യു വധം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിൽ നാണക്കേട് വേണ്ട- കെമാൽ പാഷ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ പൊലീസിനെ നിശിതമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ...

അഭിമന്യു വധം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിൽ നാണക്കേട് വേണ്ട- കെമാൽ പാഷ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ പൊലീസിനെ നിശിതമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ. കേരളാ പൊലീസിന് കഴിയുന്നില്ലെങ്കിൽ അന്വേഷണം കഴിവുള്ള ഏജൻസികളെ ഏൽപ്പിക്കണം. കേന്ദ്ര ഏജൻസികളായ എൻ.ഐ.എ, സി.ബി.ഐ എന്നിവർ അഭിമന്യു കേസ് അന്വേഷിക്കുന്നതിൽ പൊലീസ് നാണക്കേട് വിചാരിക്കേണ്ട. സർക്കാരിന്റെ ഭാഗമായ വിദ്യാർത്ഥി സംഘടനയുടെ നേതാവ് കൂടിയായ അഭിമന്യുവിനെ കൊന്നവരെ പിടിക്കാൻ പൊലീസ് ഇത്രയും വൈകുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞു.

അഭിമന്യുവധക്കേസിൽ യു.എ.പി.എ ചുമത്തണം. സമൂഹത്തിൽ ഭീതി ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം ചെയ്‌തത്. ഇത് യു.എ.പി.എ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്. യു.എ.പി.എ വേണമെന്ന് തോന്നിയാൽ പൊലീസിന് ചുമത്താവുന്നതാണ്. ഇതിന് നിയമോപദേശത്തിന്റെ ആവശ്യമില്ല. കേസിൽ യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ പിടിക്കാൻ ഇത്രയും കാലതാമസമെന്താണെന്ന് ഇനിയും മനസിലാകുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവധക്കേസിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം നേതാക്കളെ വച്ച് വിലപേശുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കന്മാർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിൽ ഗൂഢാലോചനക്കേസിൽ പ്രതികളാക്കണം. അല്ലാതെയുള്ള വിലപേശലുകൾ നല്ലതല്ല. പ്രതികൾ വിദേശത്ത് കടന്നിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണം. ഒരു സംഭവത്തിന്റെ പേരിൽ എസ്.ഡി.പി.ഐ എന്ന സംഘടനയെ നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>