അഭിമന്യു വധം: പ്രതികൾക്കായി ലുക്ക് ഒൗട്ട് നോട്ടീസ്

Published On: 3 July 2018 4:30 AM GMT
അഭിമന്യു വധം: പ്രതികൾക്കായി ലുക്ക് ഒൗട്ട് നോട്ടീസ്


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുക്കും. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേര്‍ക്കുവേണ്ടിയാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഇവരില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടുവെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പോപുലർ ഫ്രണ്ട്, എസ്ഡിപി ഐ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നകാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

15 അംഗ സംഘമാണ് കൊലപാതകവും അക്രമവും നടത്തിയതെന്നാണ് സംഭവസമയത്ത് അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇതില്‍ എട്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിവിധ ജില്ലകളില്‍ ഉള്ളവരാണ് ഇനിയും കണ്ടെത്താനുള്ള പ്രതികളെന്നാണ് സൂചന. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരാണ് ഇവരെന്നും സൂചനകളുണ്ട്. പ്രതികൾക്ക് വേടണ്ടി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ഇന്നുതന്നെ ഇവരെ പിടിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് പൊലീസ് .

അതിനിടെ കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഫാറൂഖ് മഹാരാജാസ് കോളജിൽ പുതുതായി പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിയാണ്. ആലുവയിൽ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർത്ഥിയാണ് ബിലാൽ. ഫോർട്ട് കൊച്ചി സ്വദേശി റിയാസിന് 37 വയസുണ്ട്. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു.

കത്തിക്കുത്തേറ്റ കോട്ടയം സ്വദേശി അർജുൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കുത്തേറ്റ മറ്റൊരു വിദ്യാർത്ഥി വിനീത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോളജിലെ കാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുള്ള കാംപസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകരുടെ സഹായത്തോടെ അക്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം

Top Stories
Share it
Top