അഭിമന്യു വധം: കൂടുതൽ പേർ പിടിയിലാകും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ കൂടുതൽ പേർ പിടിയിലാകും. കൃത്യത്തിൽ പങ്കെടുത്തതായി കരുതുന്ന 10 പേരെ പൊലീസ്...

അഭിമന്യു വധം: കൂടുതൽ പേർ പിടിയിലാകും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ കൂടുതൽ പേർ പിടിയിലാകും. കൃത്യത്തിൽ പങ്കെടുത്തതായി കരുതുന്ന 10 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇവർ രക്ഷപ്പെടാതിരിക്കാൻ എല്ലാ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശലവും നൽകി. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതും അന്വേഷിക്കും.

15 അംഗ സംഘമാണ് കൊലപാതകവും അക്രമവും നടത്തിയതെന്നാണ് സംഭവസമയത്ത് അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ കാംപസ് ഫ്രണ്ടിന്റെയും മറ്റെയാൾ പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകനാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ രണ്ട് പേർ വിദ്യാർത്ഥികളാണ്.

കോട്ടയം സ്വദേശി ഫാറൂഖ് മഹാരാജാസ് കോളജിൽ പുതുതായി പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിയാണ്. ആലുവയിൽ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർത്ഥിയാണ് ബിലാൽ. ഫോർട്ട് കൊച്ചി സ്വദേശി റിയാസിന് 37 വയസുണ്ട്. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു. മഹാരാജാസിൽ നവാഗതരെ സ്വാഗതം ചെയ്യുന്ന ചുവരെഴുത്തിനെ ചൊല്ലി എസ്.എഫ്. - കാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് ഞായറാഴ്ച്ച അർധരാത്രിയോടെ അക്രമത്തിലും അഭിമന്യുവിന്റെ കൊലപാതകത്തിലും കലാശിച്ചത്.

കത്തിക്കുത്തേറ്റ കോട്ടയം സ്വദേശി അർജുൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കുത്തേറ്റ മറ്റൊരു വിദ്യാർത്ഥി വിനീത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോളജിലെ കാംപസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുള്ള കാംപസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകരുടെ സഹായത്തോടെ അക്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

അക്രമത്തിന് ശേഷം സംഘത്തിലെ ചിലർ ഇന്നലെ പുലർച്ചെ മട്ടാഞ്ചേരി ചുള്ളിക്കലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോളേജിന് രൊഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥലത്ത് ശക്തമായ പൊലീസ് സന്നാഹവുമുണ്ട്.

Read More >>