അഭിമന്യുവിനെ കൊന്ന സംഘത്തിൽ 15 പേർ; കുത്തിയത് കറുത്ത ഷർട്ട് ധരിച്ച് പൊക്കം കുറഞ്ഞയാൾ

Published On: 2018-07-05T20:00:00+05:30
അഭിമന്യുവിനെ കൊന്ന സംഘത്തിൽ 15 പേർ; കുത്തിയത് കറുത്ത ഷർട്ട് ധരിച്ച് പൊക്കം കുറഞ്ഞയാൾ

കൊച്ചി: മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിൽ 15 പേരുണ്ടായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആർ. കുത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച ഉയരം കുറഞ്ഞ ആളാണ്. അക്രമിസംഘം രണ്ടുതവണ ക്യാമ്പസിലെത്തിയിരുന്നതായും 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇതില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ക്യാംപസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 15 പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്.

ഇത് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറാണ്. രണ്ടുതവണയാണ് അക്രമിസംഘം ക്യാമ്പസ് പരിസരത്തെത്തിയത്. തര്‍ക്കം തുടങ്ങിയ സമയം ആറംഗ സംഘമാണ് ആദ്യമെത്തിയത്. ഇതിന് ശേഷമാണ് മറ്റുള്ളവര്‍ എത്തിയത്. ഇവര്‍ ക്യാമ്പസിനകത്ത് കയറണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം കേസില്‍ ആറ് പേരെ കൂടി പൊലീസ് ഇന്ന്കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ക്യാമ്പസില്‍ വച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

Top Stories
Share it
Top