അഭിമന്യു വധം: പ്രതികൾ ഒളിവിൽ; തെരച്ചിൽ ഊർജിതം

Published On: 6 July 2018 5:30 AM GMT
അഭിമന്യു വധം: പ്രതികൾ ഒളിവിൽ; തെരച്ചിൽ ഊർജിതം

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യം നിർവഹിച്ചതായി കരുതുന്ന ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം നെട്ടൂർ സ്വദേശികളാണ് ഇവർ. എല്ലാവരും ഒളിവിലാണ്‌. ഒളിവിലുള്ളവരെ കണ്ടെത്തുന്നതിനായി വിവിധ സ്ക്വാഡുകളായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഇവർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശ് പറഞ്ഞു.

ഒളിവിൽ കഴിയുന്നവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിലെ ഒന്നാം പ്രതിയായ മഹാരാജാസ് വിദ്യാർത്ഥി മുഹമ്മദിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അരൂക്കുറ്റി വടുതലയിലെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. വീട്ടുകാർ സ്ഥലംവിട്ടതായി കരുതുന്നു.

കേസിൽ 15 പേരാണ് പ്രതികൾ. ഇതിൽ മൂന്നു പേരെ മാത്രമേ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. കേസിൽ അറസ്റ്റിലായ ഫറൂഖ്, ബിലാൽ, റിയാസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നുണ്ട്. ഇവരെയും കസ്റ്റഡിയിലെടുത്ത ചിലരെയും ഇന്നലെ കൊച്ചിയിലെത്തിയ ഡി ജി പി ലോകനാഥ് ബെഹ്റ നേരിട്ട് ചോദ്യം ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട്,എസ്ഡിപിഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. വിവിധ ജില്ലകളിലായി മുന്നൂറോളം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൊലപാതകത്തിന് നേതൃത്വ തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ നേതാക്കളെയും കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അനുമതി ലഭിച്ചിട്ടുണ്ട്.

Top Stories
Share it
Top