അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജം- കെ എസ് യു

Published On: 2018-07-09T16:15:00+05:30
അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജം- കെ എസ് യു

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ടി പി ചന്ദ്രശേഖരന്റെ കൊലയാളികളെ സാഹസികമായി പിടികൂടിയ പോലിസ് ഇന്ന് കൈവെള്ളയിലുള്ള പ്രതികള്‍ക്കായി ഇരുട്ടില്‍ തപ്പുകയാണെന്ന് അഭിജിത്ത് പറഞ്ഞു.

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് കുറ്റപ്പെടുത്തിയ അഭിജിത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാത്തത് സര്‍ക്കാര്‍ ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നുള്ളതിന്റെ ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎം എസ്.ഡി.പി.ഐയുമായി ഭരണം പങ്കിടുന്നുണ്ട്. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്നു പറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാകുന്നില്ല. സി.പി.എം നേതൃത്വത്തിന്റെ മൗനം ഇരട്ടത്താപ്പാണെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വര്‍ഗീയ വിദ്യാര്‍ത്ഥി സംഘടനകളെ കലാലയങ്ങളില്‍ നിരോധിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തിയാല്‍ കലാലയങ്ങള്‍ സര്‍ഗ്ഗാത്മകമാകും. അക്രമ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയ സംഘടനകള്‍ക്കെതിരെയും സംസ്ഥാനത്തെ കലാലയങ്ങളില്‍ കെ.എസ്.യു വ്യാപകമായി പ്രചാരണം നടത്തുമെന്നും അഭിജിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Top Stories
Share it
Top