അഭിമന്യുവിന്റെ അരുംകൊലയില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും

Published On: 2018-07-05T11:00:00+05:30
അഭിമന്യുവിന്റെ അരുംകൊലയില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​നെ കൊലപ്പെടുത്തിയവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്നു വ്യക്തമായതോടെ പ്രതികള്‍ക്കു നേരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

വാഗമണ്‍ സിമി ക്യാമ്പ് കേസിലും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും ഉള്‍പ്പെട്ട ചിലര്‍ മഹാരാജാസ് ആക്രമണസംഘവുമായി ബന്ധപ്പെട്ടെന്നും പൊലീസിന് സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണു യുഎപിഎ ചുമത്താന്‍ പൊലീസ് ആലോചിക്കുന്നത്. തൊടുപുഴ കൈവെട്ടു കേസിലെ രണ്ടുപേര്‍ മാത്രമാണു ജയിലിലുള്ളത്. മറ്റു പ്രതികള്‍ പുറത്താണ് ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്. നേരത്തെ പ്ര​ഫ​ഷ​ന​ൽ സം​ഘ​ത്തി​ന​ല്ലാ​തെ ഇ​ത്ര വി​ദ​ഗ്​​ധ​മാ​യി കൃ​ത്യം നി​ർ​വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. പ്രൊഫഷണല്‍ കൊലയാളികള്‍ മരണം ഉറപ്പാക്കുന്ന രീതിയില്‍ കത്തി പ്രയോഗിച്ചതാണ് അന്വേഷണം തീവ്രവാദബന്ധമുള്ളവരിലേക്കു തിരിച്ചുവിട്ടത്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) ആരാഞ്ഞിട്ടുണ്ട്. അഭിമന്യുവിനെ ക്രൂരമായി കൊലപ്പടുത്തിയ സംഘടനകള്‍ എന്‍.ഐ.എയുടെ നോട്ടപ്പട്ടികയിലുള്ളവയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. പ്രാഥമികാന്വേഷണം ആരംഭിച്ചത്.

അതേസമയം എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും തീവ്രവാദസ്വഭാവമുള്ള കേസായതിനാല്‍ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ യു.എ.പി.എ ചുമത്തുമെന്നാണു സൂചന. കോളജിനു മുന്നിലെ സി സി ടിവിയില്‍നിന്ന് അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്തമല്ല.

Top Stories
Share it
Top