നടിക്കെതിരെ ആക്രമണം: നടിമാരുടെ ഹർജിയിൽ മാറ്റം വരുത്തും

കൊച്ചി: വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ്...

നടിക്കെതിരെ ആക്രമണം: നടിമാരുടെ ഹർജിയിൽ മാറ്റം വരുത്തും

കൊച്ചി: വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഭേദഗതി വരുത്തും. പ്രത്യേക കോടതിയില്‍ വിചാരണ നടത്തണമെന്ന ആവശ്യത്തിനൊപ്പം നടിക്കു വേണ്ടി ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി വെക്കണമെന്നും നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവര്‍ തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുപ്പത്തിരണ്ട് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെയാണ് ഇപ്പോള്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരും ആക്രമണത്തിനിരയായ നടിയുടെ അഭിഭാഷകനും ഈ ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.

വസ്തുതാപരമായി സംഭവിച്ച പിശകാണിതെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി ഭേദഗതി ചെയ്യാനാവുമെന്നതിനാല്‍ പ്രോസിക്യൂട്ടര്‍ നിയമനമെന്ന ആവശ്യം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ രചനയും ഹണി റോസും കക്ഷി ചേരുന്നതിനെ ആക്രമണത്തിനിരയായ നടി കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും നടി വ്യക്തമാക്കിയിരുന്നു. താര സംഘടനയായ അമ്മയുടെ ഭാഗമാണ് നടിയെന്ന് ചൂണ്ടിക്കാട്ടിയാണ് രചനയും ഹണി റോസും കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ താന്‍ അമ്മയുടെ ഭാഗമല്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കക്ഷി ചേരാനുള്ള ഹര്‍ജി പിന്‍വലിക്കണമെന്ന ആവശ്യവും അമ്മയുടെ ഭാരവാഹികളില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

Story by
Read More >>