എഡിജിപിയുടെ മകളുടെ പരാതി റദ്ദാക്കണം; ഹൈക്കോടതിൽ ​ഗവാസ്കർ

Published On: 2018-06-20T14:30:00+05:30
എഡിജിപിയുടെ മകളുടെ പരാതി റദ്ദാക്കണം; ഹൈക്കോടതിൽ ​ഗവാസ്കർ

കൊച്ചി: എഡിജിപിയുടെ മകളുടെ പരാതിയിൽ തനിക്കെതിരെ എടുത്തകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡ്രൈവർ ​ഗവാസ്കർ. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തനിക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ മകൾക്കെതിരെ താൻ നൽകിയ പരാതിയെ ദുർബലപ്പെടുത്താനാണ് തനിക്കെതിരായ വ്യാജ പരാതിയെന്നും ​ഗവാസ്കർ ഹർജിയിൽ പറയുന്നു. ​ഗവാസ്കറുടെ ഹർജി നാളെ ഹൈക്കോടതി പരി​ഗണിക്കും.

ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താൻ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു.

Top Stories
Share it
Top