എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൊലീസ് ഡ്രൈവർ ആശുപത്രിയിൽ

Published On: 14 Jun 2018 10:15 AM GMT
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൊലീസ് ഡ്രൈവർ ആശുപത്രിയിൽ

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ ചീത്തവിളിച്ചുവെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നും പരാതി. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിൽസ തേടി.

തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണു മര്‍ദ്ദനത്തിനു കാരണമെന്നു പരിക്കേറ്റ ഡ്രൈവര്‍ ഗവാസ്കര്‍ പറയുന്നത്. ഇന്നു രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോൾ വാഹനത്തിലിരുന്നു മകള്‍ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണു കൊണ്ട് കഴുത്തിനു പിന്നിലിടിച്ചെന്നാണു പരാതി.

കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എഡിജിപിയോട് നേരിട്ടു പരാതി പറഞ്ഞതിലുള്ള വൈരാഗ്യമാകാം മര്‍ദ്ദനത്തിനു കാരണമായതെന്നും ‍ഡ്രൈവര്‍ പറയുന്നു. എന്നാല്‍ ആക്ഷേപത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായില്ല.

Top Stories
Share it
Top