നിയമലംഘനത്തിന്റെ തീരഗാഥ

ഒരു നാടിനെ കടലെടുക്കുമ്പോള്‍ -3

നിയമലംഘനത്തിന്റെ തീരഗാഥഫോട്ടോ : എ.ജയമോഹന്‍

കടൽത്തീരത്തോ കായലോരത്തോ ഒരു കുടിലുകെട്ടാൻ മത്സ്യത്തൊഴിലാളി ശ്രമിച്ചുപോയാൽ അപ്പോഴറിയാം നിയമത്തിന്റെ വില. തീരദേശ പരിപാലന നിയമം (സി.ആർ.സെഡ്) ലംഘിച്ചുവെന്ന കാരണം പറഞ്ഞ് പിന്നെ നോട്ടീസായി, നടപടിയായി. പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി ആ പാവത്തിന്റെ ജന്മം തീരും. എന്നാൽ വർഷം മുഴുവൻ തീരവും കടലും കുഴിച്ചെടുക്കുന്ന ഖനന കമ്പനികൾക്കു ഈ വക നിയമങ്ങളൊന്നും ബാധകമല്ല. കാട്ടിലെ തടി തേവരുടെ ആന...

സി.ആർ.സെഡ് നിയമം ആലപ്പാടും പന്മനയിലും ബാധകമല്ലെന്നു തോന്നും, കെ.എം.എം.എല്ലിന്റെയും ഐ.ആർ.ഇയുടെയും കരിമണൽ ഖനനം കണ്ടാൽ. നൂറുകണക്കിന് നിയമലംഘനങ്ങൽ പരിസരവാസികളും പരിസ്ഥിതിപ്രവർത്തകരും ചൂണ്ടിക്കാണിച്ചാലും നടപടിയില്ല. കാരണം, പൊതുമേഖലാ സ്ഥാപനമാണ് എന്ന ന്യായീകരണം.

പൊതുമേഖലാ സ്ഥാപനത്തിന് പരിസ്ഥിതി നിയമത്തിൽ ഇളവൊന്നുമില്ല. എന്നിട്ടും അരഡസൻ നിയമങ്ങളെങ്കിലും ഇവിടെ പരസ്യമായി ലംഘിക്കപ്പെടുന്നു. ദേശീയ മിനറൽനയം, മൈൻസ് ആന്റ് മിനറൽസ്(ഡെവലപ്മെന്റ് ആന്റ് റെഗുലേഷൻ ആക്ട്), മിനറൽ കൺസർവേഷൻ ആന്റ് ഡെവലപ്മെന്റ് റൂൾസ്, പരിസ്ഥിതി(സംരക്ഷണ) നിയമം, 2008ലെ തണ്ണീർത്തട സംരക്ഷണ നിയമം എന്നിവയും മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിർദ്ദേശങ്ങളും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന്റെ മൈനിങ് ലീസ് സ്‌പെഷൽ കണ്ടീഷൻസ് എന്നിവയും ആലപ്പാടുൾപ്പെടെ തീരമേഖലയിൽ ഖനനക്കമ്പനികൾ കാറ്റിൽപ്പറത്തുകയാണ്.

തണ്ണീർത്തടങ്ങളും നീർച്ചാലുകളും മണലിട്ടു മൂടുമ്പോൾ ഇന്നാട്ടിലെ റവന്യൂ സംവിധാനം ഇതൊന്നുമറിയില്ല. കടൽത്തീരത്തു കമ്പനി കെട്ടിടം പണിതതിനെ നിയമസഭാ സമിതി ചോദ്യം ചെയ്‌തെങ്കിലും റവന്യൂവകുപ്പിന് അനക്കമില്ല.

നിയമലംഘനങ്ങളുടെ പേരിൽ കോടതികളിലും ഹരിതട്രൈബ്യൂണലിലും ഒട്ടേറെ വ്യവഹാരങ്ങൾ കെട്ടിക്കിടക്കുന്നു. എല്ലാ തെളിവുകളും നേരിട്ട് ബോദ്ധ്യപ്പെട്ടാലും കമ്പനിക്കെതിരേ നടപടി മാത്രമുണ്ടാകില്ല. 2017ൽ ഗുരുതര നിയമലംഘനങ്ങളുടെ പേരിൽ കെ.എം.എം.എല്ലിന് ഒരു കോടി പിഴ ശിക്ഷ വിധിച്ചിരുന്നു. പൊന്നുവിതറിയ മണൽത്തീരമുള്ളപ്പോൾ പണത്തിനാണോ ക്ഷാമം.

പഠനങ്ങൾ പറഞ്ഞു, എന്നിട്ടും

കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിനു കീഴിൽ ചെന്നൈയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓഷ്യൻ മാനേജ്‌മെന്റ് നടത്തിയ തീരവ്യതിയാന പഠനത്തിൽ കേരളതീരത്ത് ഏറ്റവും കൂടുതൽ ഭൂമി നഷ്ടമായത് കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരിമണൽ ഖനന മേഖലയിലാണെന്നു കണ്ടെത്തി. ഈ റിപ്പോർട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കു സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഖനനത്തിനെതിരേ ജനരേഷം ശക്തമായ ഒരു സമയത്ത് കമ്പനികൾ നേരിട്ട് വിഷയം പഠിക്കാൻ ഏജൻസികളെ നിയോഗിച്ചു. സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ്(സെസ്സ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്‌നോളജി എന്നീ ഏജൻസികൾ കണ്ടെത്തിയത് പക്ഷെ, കമ്പനിക്കു ദഹിക്കാത്ത നിഗമനങ്ങളായിരുന്നു. ഖനനം മൂലം ആലപ്പാട് പഞ്ചായത്തിന് പാരിസ്ഥിത ആഘാതമുണ്ടായെന്നു രണ്ട് ഏജൻസികളും റിപ്പോർട്ട് നൽകി. കേരള സർക്കാർ നിയോഗിച്ച ടി.എം.മഹാദേവൻ കമ്മിറ്റി റിപ്പോർട്ടും പാരിസ്ഥിതികാഘാതം ചൂണ്ടിക്കാട്ടുന്നതായിരുന്നു.

കരിമണൽഖനനം ഇതുപോലെ തുടർന്നാൽ ആലപ്പാട്, പന്മന പഞ്ചായത്തുകളിൽ അതീവ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന മഹാദേവൻ കമ്മിറ്റി റിപ്പോർട്ട് ഇപ്പോഴും സർക്കാർ ഫയലിലുറങ്ങുന്നു.1989-91 കാലത്ത് സെസ്സ് ഡയറക്ടറായിരുന്ന സുബ്രതസിൻഹ, സെസ്സിലെ തന്നെ ഡോ. എ.എസ്.കെ നായർ, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗത്തിലെ പ്രൊഫ. സി.എം.അരവിന്ദൻ തുടങ്ങിയവരുടെ പഠനങ്ങളും സമാന ആശങ്കകളാണ് പങ്കുവച്ചത്. ഖനനം മൂലം തീരദേശത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ, ഭൂമിയുടെ രൂപം, ദൃഢത എന്നിവ കീഴ്‌മേൽ മറിയുമെന്നു എ.എസ്.കെ.നായരുടെ പഠന റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നു.

നിരന്തര ഖനനത്തിലൂടെ മത്സ്യലഭ്യത, ജൈവജാതികളുടെ നാശം എന്നിവയും ഈ മേഖലയിലുണ്ടാകുമെന്നു പഠനങ്ങൾ ആവർത്തിച്ചു പറയുന്നു. എല്ലാ ശാസ്ത്രീയ പഠനങ്ങളെയും കെ.എം.എം.എല്ലും ഐ.ആർ.ഇയും നിഷേധിക്കുകയാണ്. പ്രകൃതി കനിഞ്ഞുനൽകുന്ന ധാതുക്കൾ കുഴിച്ചെടുക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന വാദം മാത്രമേ അവർക്കുള്ളൂ. അതിനുമപ്പുറം ഇവിടെ ജീവിക്കുന്ന ജനങ്ങളോ ഈ മണ്ണോ അവരുടെ അജണ്ടയിലില്ല.


ആഘാതം പലവിധം

ഈ വിധം ഖനനം തുടർന്നാൽ അവശേഷിക്കുന്ന മണ്ണും കടലെടുക്കും. ഇപ്പോൾ തന്നെ ചില ഖനനമേഖലകളിൽ കായലും കടലും തമ്മിലുള്ള അകലം 10 മീറ്ററിൽ താഴെയാണ്.

അവശേഷിക്കുന്ന ഭാഗത്തു കൂടി കുഴികളെടുത്തു മണൽ കടത്തുന്നതോടെ കടൽ കിഴക്കോട്ട് ഇരച്ചെത്തും. ആലപ്പാടിന്റെ ഭൂപ്രകൃതിയിൽ ഒരടിയും ഒന്നരയടിയും ഉയരം മാത്രമാണ് കടൽനിരപ്പിൽ നിന്നുള്ളത്. ഇതാണ് ഇപ്പോഴുള്ള പ്രകൃതിയുടെ വൻമതിൽ. കുഴിച്ചുകുഴിച്ച് ഇവിടെ വെള്ളം കയറിയാൽ കിഴക്കുള്ള ടി.എസ് കനാലും കടലും ഒരുപോലെയാവും.

അങ്ങനെ വന്നാൽ കനാലിനെക്കാൾ ഭൂനിരപ്പു താഴ്ന്ന ഓണാട്ടുകര മുതൽ അപ്പർകുട്ടനാട് വരെയുള്ള ജനവാസ, കാർഷിക മേഖലയിലേക്ക് കടൽവെള്ളം ഇരച്ചെത്തും. സുനാമിക്കാലത്ത് ആലപ്പാട് ഏറ്റുവാങ്ങിയതിനെക്കാൾ വലിയ ദുരന്തത്തിന് കൈകെട്ടി നിന്നുകൊടുക്കണമോ എന്നാണ് ഇന്നാട്ടുകാർ ചോദിക്കുന്നത്.

(നാളെ : സമരം അതിജീവനം)

Read More >>