പെരിയാറിന്റെ തീരത്ത് ശക്തമായ ജാഗ്രത

Published On: 10 Aug 2018 4:15 PM GMT
പെരിയാറിന്റെ തീരത്ത് ശക്തമായ ജാഗ്രത

ആലുവ: ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയതോടെ പെരിയാറിന്റെ തീരത്ത് ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ തന്നെ കരകവിഞ്ഞൊഴുകുന്ന പെരിയാറിലേക്ക് ഇടുക്കിയില്‍ നിന്നുള്ള വെള്ളം കൂടി എത്തുന്നതോടെ ഏത് സാഹചര്യവും നേരിടുന്നതിനുള്ള തയ്യാറടുപ്പിലാണ് അധികൃതര്‍.
അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്. ആലുവയിലെത്തിയ 32 അംഗ സംഘം പൊലീസിനും അഗ്നി ശമന സേനക്കും ഒപ്പം രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാകും. നാവിക സേനയും സജ്ജമാണ്. ദുരന്ത നിവാരണ സേനയുടെ നാല് കമ്പനിയും ആലുവയില്‍ കേന്ദ്രീകരി്ച്ചിട്ടുണ്ട്.
ഇടുക്കിയില്‍ നിന്ന് തുറന്നുവിട്ട വെള്ളം കോതമംഗലം വഴി ആലുവയിലെത്തുമെന്നാണ് കരുതുന്നത്. ഈ ജലപ്രവാഹത്തെ പെരിയാറിന് എങ്ങനെ ഉള്‍ക്കൊള്ളാനാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. തീരദേശങ്ങളില്‍ കഴിയുന്നവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ജില്ലയില്‍ ഒമ്പതിനായിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാപുകളിലുണ്ട്. കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. നിരവധി കുടുംബങ്ങള്‍ സ്വമേധയാ താമസം മാറ്റിയിട്ടുണ്ട്.
ഒരു തരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഏത് സാഹചര്യത്തെയും നേരിടാന്‍ വിവിധ വകുപ്പുകളെയും വിഭാഗങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.

Top Stories
Share it
Top