ആലുവയില്‍ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published On: 23 Jun 2018 4:15 PM GMT
ആലുവയില്‍ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി: ആലുവ കരുമാലൂര്‍ പുറപ്പിള്ളിക്കടവില്‍ പെരിയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. പറവൂര്‍ കൈതാരം പഴയപോസ്റ്റോഫീസിനുസമീപം മുക്കുങ്കല്‍വീട്ടില്‍ ജോഷിയുടെ മകന്‍ ദീക്ഷിത്(17), കൈതാരം നെടുമുറികോളനിറോഡ് നെല്ലിപ്പിള്ളി നന്ദനത്തില്‍ ഫാക്റ്റ് ജീവനക്കാരന്‍ സുരേഷിന്റെ മകന്‍ ദേവാനനന്ദ്(19)എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ പുറപ്പിള്ളിക്കാവ് പാലത്തിനുസമീപമായിരുന്നു അപകടം. കൈതാരത്തുനിന്ന് കൂട്ടൂകാരായ പത്തംഗ സ്ഥലമാണ് കുളിക്കാന്‍ കടവിലെത്തിയത്. ആറുപേര്‍ പുഴയോരത്തിരുന്ന് ബൈക്കുകള്‍ കഴുകുന്നതിനിടെ ദേവാനന്ദും ദീക്ഷിതും സുഹൃത്തുക്കളായ അക്ഷയ്രാജ്, രാഹുല്‍കൃഷ്ണ എന്നിവരോടൊപ്പം കുളിക്കാനായിറങ്ങി. ആഴമുള്ള ഭാഗത്തേക്ക് കടന്നപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷിക്കുന്നതിനായാണ് മറ്റു രണ്ടുപേരും പുഴത്തിലേക്കിറങ്ങിത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമെ രക്ഷിക്കാനായുള്ളൂ.

ഫയര്‍ഫോഴ്സ് സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിലിറങ്ങി അരമണിക്കൂറോളം തിരച്ചില്‍ നടത്തിയപ്പോഴേക്കും ദീക്ഷിതിന്റെ മൃതദേഹം കിട്ടി. രാത്രി എഴരയോടെയാണ് ഫയര്‍ഫോഴ്സ് ദേവാനന്ദിന്റെ മൃതദേഹം കണ്ടെടുത്തത്.

മാല്യങ്കര എസ്.എന്‍.എം. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ് ദേവാനന്ദ്. അമ്മ രാജേശ്വരി, സഹോദരന്‍ ദേവനാഥ്. ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ദീക്ഷിത്. അമ്മ റെജി. സഹോദരി ശീതള്‍. മൃതദേഹം പറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top Stories
Share it
Top