അമ്പലപ്പുഴ പാല്‍പായസം; വ്യാജനിറക്കുന്നത് പഴയിടമായാലും കേസെടുക്കും: തിരുവിതാംകൂര്‍ ദേവസ്വം

പഴയിടം പായസം വിറ്റപ്പോള്‍ ഇല്ലാത്ത പ്രതിഷേധമാണ് തോംസണ്‍ വിറ്റപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന പേരില്‍ വിമര്‍ശനങ്ങളുണ്ട്

അമ്പലപ്പുഴ പാല്‍പായസം; വ്യാജനിറക്കുന്നത് പഴയിടമായാലും കേസെടുക്കും: തിരുവിതാംകൂര്‍ ദേവസ്വം

തിരുവല്ല: അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ പായസ വില്‍പ്പന നടത്തുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണെങ്കിലും നടപടിയെടുക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പാല്‍പ്പായസം വിറ്റതിന് തോംസണ്‍ ബേക്കറി ഉടമയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് പത്മകുമാറിന്റെ പ്രതികരണം.

ഇതിനിടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ ഗള്‍ഫിലും സ്വദേശത്തുമായി പഴയിടം മോഹനന്‍ നമ്പൂതിരി പായസം വില്‍ക്കുന്നുണ്ടെന്ന കാര്യവും പുറത്തുവന്നിരുന്നു.അമ്പലപ്പുഴ പാല്‍പായസം അടക്കമുള്ള സദ്യ എന്ന പേരില്‍ പഴയിടം പായസം വിറ്റപ്പോള്‍ ഇല്ലാതിരുന്ന പ്രതിഷേധമാണ് ഇപ്പോള്‍ തോംസണ്‍ പായസം വിറ്റപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന പേരില്‍ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു സംഘമാളുകള്‍ ഇത്തരത്തില്‍ ബേക്കറിയില്‍ കയറി നിര്‍ബന്ധമായി മാപ്പ് പറയിപ്പിച്ച് വീഡിയോ എടുത്തത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. അതേസമയം പഴയിടം മോഹനന്‍ നമ്പൂതിരി അങ്ങനെ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ഇന്നാണ് അമ്പലപ്പുഴ പാല്‍പായസം വിറ്റ തോംസണ്‍ ഒരു സംഘം ആളുകള്‍ എത്തി മാപ്പു പറയിപ്പിച്ചത്. പായസം വില്പനയെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ വിജിലന്‍സ് ദേവസ്വം ബോര്‍ഡിനെ വിവരം അറിയിക്കുകയും തിരുവല്ല തോംസണ്‍ ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ പത്മകുമാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Read More >>