അമിത് ഷാ ഇന്ന് കേരളത്തിൽ; സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മുഖ്യഅജണ്ട

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുമായി ബിജെപി ദേശീയ...

അമിത് ഷാ ഇന്ന് കേരളത്തിൽ; സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് മുഖ്യഅജണ്ട

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്നതിനുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കുമ്മനം രാജശേഖരന്റെ പിൻ​ഗാമിയെ കണ്ടെത്തുകയാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. എന്നാൽ വിഷയത്തിൽ ആർഎസ്എസ് സംസ്ഥാന നേതൃത്വം ഇടഞ്ഞുനിൽക്കുകയാണ്.

ആർഎസ്എസുമായി ആലോചിക്കാതെ കുമ്മനത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയ ബിജെപിയുടെ തീരുമാനത്തിൽ കടുത്ത പ്രതിഷേധമാണ് നേതൃത്വത്തിനുള്ളത്. കൂടാതെ അധ്യക്ഷ സ്ഥാനത്തേക്ക് ആർഎസ്എസ് മുന്നോട്ടുവെച്ച പേരുകൾ പരി​ഗണിക്കാതിരുന്നതും പരിഭവത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം അടൂരിൽ നടന്ന ആർഎസ്എസ് വാർഷിക യോ​ഗത്തിൽ ഇതേ തുടർന്ന് ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ആർഎസ്എസ് നേതൃത്വം കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. ഔദ്യോ​ഗികമായ അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് ആർഎസ്എസ് ഇന്നലെ വ്യക്തമാക്കിയത്.

അതിനിടെ, പി.പി മുകുന്ദനുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. അദ്ദേഹത്തെ തിരികെ വിളിക്കണമെന്ന് ചിലകോണുകളിൽ നിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണിത്. 2009-ലാണ് പാർട്ടി നേതൃത്വത്തിൽനിന്ന് മുകുന്ദനെ ഒഴിവാക്കിയത്.

അമിത് ഷായുടെ കേരള സന്ദർശനത്തിൽ ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ്, ജനറൽ സെക്രട്ടറി വി. മുരളീധർറാവു, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻ കുമാർ കട്ടീൽ എംപി എന്നിവരും ഒപ്പമുണ്ടാകും.

Read More >>