അവള്‍ക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി: അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും ശാരീരികവും ലൈംഗികവും...

അവള്‍ക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി: അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണെന്നും നിയമപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ നടിയുടെ പോരാട്ടങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും നൂറിലധികം സിനിമാ പ്രവര്‍ത്തര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

വിനായകന്‍, വിധു വിന്‍സെന്റ്, രേവതി, പത്മപ്രിയ, പാര്‍വതി, സജിതാ മഠത്തില്‍, ആശിക് അബു, രാജീവ് രവി, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവരടക്കം നൂറ് പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.

അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പൊലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനിൽക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷ-ഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും സിനിമാ പ്രവര്‍ത്തര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണെന്നും മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്രസ്താവന പറയുന്നു.