അന്ത്യോദയ ട്രെയിനിന് സ്‌റ്റോപ്പ്: റെഡ് സിഗ്നല്‍ നീങ്ങുന്നത് കാത്ത് മലപ്പുറം

Published On: 2018-07-07T13:00:00+05:30
അന്ത്യോദയ ട്രെയിനിന് സ്‌റ്റോപ്പ്: റെഡ് സിഗ്നല്‍ നീങ്ങുന്നത് കാത്ത് മലപ്പുറം

മലപ്പുറം: കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസിന് തിരൂരിലും സ്‌റ്റോപ്പ് അനുവദിക്കുമെന്ന് പ്രതീക്ഷ. ആലപ്പുഴയിലും കാസര്‍കോട്ടും സ്റ്റോപ്പ് അനുവദിച്ചതോടെ തങ്ങളുടെ ആവശ്യത്തിന് നേരെയും റെയില്‍വെ പച്ചക്കൊടി ഉയര്‍ത്തുന്നതിന് കാത്തിരിക്കുകയാണ് മലപ്പുറത്തെ യാത്രക്കാര്‍. നിലവില്‍ മലപ്പുറം ജില്ലയില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്താത്തത്.

സ്റ്റോപ്പ് ആവശ്യപ്പെട്ട് ജില്ലയുടെ റെയില്‍വെ ആസ്ഥാനമായ തിരൂരില്‍ വിവിധ സമര പരിപാടികള്‍ നടന്ന് വരികയാണ്. രാഷ്ട്രീയ സംഘടനകള്‍ക്ക് പുറമെ വ്യാപാര, സാംസ്‌കാരിക സംഘടനകളും പ്രശ്‌നം ഏറ്റെടുത്തിട്ടുണ്ട്. ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ മലപ്പുറം മാത്രം തഴയപ്പെടുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികളും ഉണര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി റെയില്‍വെ സഹമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. സ്‌റ്റോപ്പ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇടപടെണമെന്നാവശ്യപ്പെട്ട് സി. മമ്മുട്ടി എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുകയുമുണ്ടായി. റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് അംഗം കൂടിയായ വി. മുരളി എംപിയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്.


മറ്റെല്ലാ ജില്ലകളിലും സ്‌റ്റോപ്പുള്ള 26 ട്രെയിനുകള്‍ മലപ്പുറത്ത് എവിടേയും നിര്‍ത്താതെ തെക്കോട്ടും വടക്കോട്ടും സര്‍വീസ് നടത്തുന്നതിനിടെയാണ് അന്ത്യോദയയും സ്‌റ്റോപ്പില്ലാതെ ഓടിത്തുടങ്ങിയത്. ആധുനിക സൗകര്യങ്ങളോടെ പൂര്‍ണമായും അണ്‍റിസര്‍വ്ഡ് ബോഗികളായതിനാല്‍ ജില്ലയിലെ ഒട്ടേറെ സാധാരണ യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന ട്രെയിനാണ് അന്ത്യോദയ.

കൊച്ചുവേളിയില്‍ നിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളിലുമാണ് ട്രെയിന്‍. ജില്ലയിലൂടെ കടന്നുപോകുന്നത് രാത്രിയാണ്. ജില്ലയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗലാപുരത്തേക്കുമുള്ള രാത്രി വണ്ടികളില്‍ യാത്രക്കാരുടെ തിരക്ക് രൂക്ഷമാണ്. ദിവസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ബര്‍ത്ത് സൗകര്യം ലഭിക്കാറുള്ളത്. ഇവയുടെ ജനറല്‍ ബോഗികളില്‍ കാലുകുത്താന്‍ പോലും ഇടമുണ്ടാകാറുമില്ല. ഈ തിരക്കിന് വലിയ പരിഹാരമാകുമായിരുന്ന ട്രെയിനായിരുന്നിട്ടും ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.

Top Stories
Share it
Top