സുൽത്താൻ അറക്കൽ ആദി രാജ സൈനബ ആയിശാബി അന്തരിച്ചു

Published On: 2018-06-26T14:45:00+05:30
സുൽത്താൻ അറക്കൽ ആദി രാജ സൈനബ ആയിശാബി അന്തരിച്ചു

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്ലിം രാജ വംശമായ അറക്കലിലെ നിലവിലെ ബീവിയും സാംസ്‌കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായ സുല്‍ത്താന്‍ അറക്കല്‍ ആദിരാജാ സൈനബ ആയിഷാബി (93) അന്തരിച്ചു. തലശ്ശേരി ചിറക്കരയിലുള്ള ആയിശ മഹലില്‍ വെച്ചായിരുന്നു അന്ത്യം.

അറക്കല്‍ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്ന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു അധികാരമേറ്റത്. ദീര്‍ഘകാലമായി വാര്‍ധക്യസഹജമായ രോഗാവസ്ഥയിലായിരുന്ന ബീവി മക്കളുടെ സഹായ സഹകരണങ്ങളിലൂടെ ഭരണകാര്യങ്ങള്‍ മുന്നോട്ടു നീക്കുകയായിരുന്നു. അറക്കല്‍ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന പള്ളികളുടെ മുതവല്ലി സ്ഥാനം അലങ്കരിച്ചിരുന്ന മകന്‍ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു. സഹോദരി ഫാത്തിമ മുത്തു ബീവിയാണ് അടുത്ത അവകാശി.

ഭര്‍ത്താവ്: തലശ്ശേരി സ്വദേശി പരേതനായ സി.ഒ.മൊയ്തു കേയി. മക്കള്‍: ആദിരാജ സഹീദ, ആദിരാജ സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീര്‍, പരേതനായ ആദിരാജ റൗഫ്. മരുമക്കള്‍: സാഹിറ, ഹാനിഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു. സഹോദരങ്ങള്‍: ഫാത്തിമ മുത്തുബീവി, പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി. ഖബറക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ഓടത്തില്‍ പള്ളിയില്‍.

Top Stories
Share it
Top