കുപ്രസിദ്ധ ഗുണ്ട ഒാട്ടോ ജയന്‍ പിടിയില്‍

Published On: 2018-07-10 12:30:00.0
കുപ്രസിദ്ധ ഗുണ്ട ഒാട്ടോ ജയന്‍ പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട നേതാവ് കിഴുവിലം തിട്ടയില്‍മുക്ക് ഇലഞ്ഞിക്കോട് വീട്ടില്‍ ഒാട്ടോജയന്‍ എന്ന ജയനെ (38) ചിറയിന്‍കീഴ് പൊലീസ് പിടികൂടി. ആനത്തലവട്ടം സ്വദേശി സുനുവിനെയും അഖിലേഷിനെയും ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജയനെതിരെ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുനുവിനെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് കൈ അടിച്ചൊടിച്ചു. ബൈക്കും അടിച്ചുതകര്‍ത്തു. വാള്‍ വീശി ഭീതി പരത്തിയതിനാല്‍ മറ്റൊരാള്‍ക്കും അടുക്കുവാനോ ആക്രമണം ചെറുക്കുവാനോ സാധിച്ചില്ല.

ഈ സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ എം. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.കെ. ശ്രീജേഷ്, ഗ്രേഡ് എസ്.ഐ വിജയന്‍നായര്‍, എ.എസ്.ഐമാരായ സജു, ഗോപകുമാര്‍, സി.പി.ഒ കര്‍മ്മചന്ദ്രന്‍, പ്രശാന്ത്, ശരത് എന്നിവര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.

നിരവധി ഗുണ്ടാ ആക്രമണം, പിടിച്ചുപറി, കൊലപാതകം, കൊലപാതക ശ്രമക്കേസുകളിലെ പ്രതിയാണിയാള്‍.കോടതി വാറന്‍റും നിലവിലുണ്ട്. ചിറയിന്‍കീഴ്, മംഗലപുരം, കൊട്ടിയം, ആറ്റിങ്ങല്‍ സ്റ്റേഷനുകളില്‍ കേസുണ്ട് .

Top Stories
Share it
Top