പ്രളയബാധിത പ്രദേശങ്ങളിലെ ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടാന്‍ സാധ്യത

Published On: 10 Aug 2018 11:30 AM GMT
പ്രളയബാധിത പ്രദേശങ്ങളിലെ  ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടാന്‍ സാധ്യത

തിരുവനന്തപുരം: ഇടുക്കിയിലേയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്‌ളോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ പൂട്ടാന്‍ സാധ്യത. ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതിനെ തുടര്‍ന്ന് ബാങ്കുകളില്‍ വെള്ളം കയറുന്നത് കണക്കിലെടുത്താണ് പൂട്ടാന്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയതായാണ് സൂചന.

ഏത് അടിയന്തിര സാഹചര്യത്തിലും പണം ബാങ്കില്‍ നിന്നും മാറ്റാന്‍ ശാഖകള്‍ തയ്യാറായിരിക്കണം, എടിഎമ്മുകളിലെയും ബാങ്കുകളിലേയും പണം അടുത്തുള്ള ചെസ്റ്റുകളിലേക്ക് നീക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതെപോലെ ശാഖകളില്‍ നിന്നും പണം മാറ്റാന്‍ കഴിയാതെ വരികയാണെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാനും നിര്‍ദ്ദേശമുണ്ട്. ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും വരും ദിവസങ്ങളില്‍ വലിയ തുക നിറക്കരുതെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

എറണാകുളത്തും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും വിവിധ ഡാമുകള്‍ തുറന്നതും കാരണം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതോടെയാണ് ബാങ്കുകള്‍ പ്രളയ പ്രദേശങ്ങളിലെ ശാഖകള്‍ പൂട്ടാനൊരുങ്ങുന്നത്.

ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെ തുടര്‍ന്ന് പെരിയാറിലും കൈവഴികളിലും ജലനിരപ്പുയര്‍ന്നതിനാല്‍ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി എറണാകും ജില്ലിയില്‍ 64 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 9401 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. കൂടുതല്‍ ക്യാംപുകള്‍ തുറക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.


Top Stories
Share it
Top