ബൈക്ക് ​ഗട്ടറിൽ വിണ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസ്

Published On: 2018-06-18T15:30:00+05:30
ബൈക്ക് ​ഗട്ടറിൽ വിണ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസ്

തിരൂര്‍: ഭര്‍ത്താവിനൊപ്പം യാത്രചെയ്യവേ ബൈക്ക് ​ഗട്ടറിൽ വീണ് യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഷാജിദ എന്ന യുവതിയാണ് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ റോഡിലെ ഗട്ടറില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ പോലീസ് ഭർത്താവിനെതിരെ അശ്രദ്ധമായി വാ​ഹനം ഓടിച്ചെന്ന പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഐ.പി.സി 270, 279, 304 എ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇതുപ്രകാരം അശ്ര​ദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് ​ഗട്ടറിൽ ചാടിച്ചെന്നാണ് എഫ് ഐ ആറിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇതൊന്നും തങ്ങള്‍ പറയാത്ത മൊഴിയാണെന്നും വാദിയെ പ്രതിയാക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു.

തിരൂരില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ വീണാണ് ഷാജിദ മരിച്ചത്. എന്നാല്‍ കേസെടുത്തത് തികച്ചും സ്വാഭവികമായ നടപടിയാണെന്നും രണ്ട് പേര്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അപകടമുണ്ടായി ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്കെതിരെ മനഃപൂര്‍വല്ലാത്ത നരഹത്യയ്ക്ക് തന്നെയാണ് കേസെടുക്കുകയെന്നാണ് പോലീസിന്റെ വിശദീകരണം.

ഏതേസമയം പോലീസിന്റെ ഈ നടപടി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരേയും കരാറുകാരനേയും രക്ഷിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യാത്രായോഗ്യമല്ലാത്ത ചമ്രമട്ടം-തിരൂര്‍ റോഡിന്റെ പണി പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് പാതിയെങ്കിലും തീര്‍ത്തത്.

Top Stories
Share it
Top