ബൈക്ക് യാത്രികയുടെ മരണം; ടിപ്പര്‍ലോറി ഡ്രൈവര്‍ രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

Published On: 9 July 2018 4:30 AM GMT
ബൈക്ക് യാത്രികയുടെ മരണം; ടിപ്പര്‍ലോറി ഡ്രൈവര്‍ രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രിക മരിക്കാനിടയായ സംഭവത്തില്‍ രണ്ടുവര്‍ഷത്തിന് ശേഷം ലോറി ഡ്രൈവര്‍ സിറ്റി ട്രാഫിക് പൊലീസിന്റെ പിടിയില്‍. വേങ്ങേരിക്കടുത്ത് താഴമ്പാട്ടുഴത്ത് 2016 ജൂലൈ 31നാണ് സംഭവം നടന്നത്. അപകടത്തില്‍ വീട്ടമ്മയായ പുഷ്പലതയായിരുന്നു(48) മരിച്ചത്.

കക്കോടി സ്വദേശിയും സിറ്റി ട്രാഫിക് മുന്‍ എസ് ഐയുമായ ശശിധരന്റെ ബൈക്കിനുപിറകില്‍ യാത്ര ചെയ്യുകയായിരുന്നു പുഷ്പലത. വേഗതയില്‍ വരികയായിരുന്ന ടിപ്പര്‍ ഇവരെ ഇടിച്ച് നിര്‍ത്താതെ കടന്നുപോയി. ഈ സമയത്ത് ലോറിക്ക് പിന്നിലായി വരികയായിരുന്ന സിനിമാഷൂട്ടിങ് യുണിറ്റിന്റെ കാരവന്‍ പുഷ്പലതയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് കാരവന്‍ ഡ്രൈവറായ തൃശ്ശൂര്‍ കിള്ളിമംഗലം സ്വദേശി റോബിന്‍(29) അറസ്റ്റിലായെങ്കിലും ലോറി ഡ്രൈവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പുഷ്പലതയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശശിധരന്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ക്യാമറകളുടെയും മറ്റും സഹായത്തോടെ പൊലീസ് അന്വേഷണം തുടര്‍ന്നു. അപകട ദിവസം നഗരത്തിലെ നിരവധി ലോറികളുടെ പെയ്ന്റ് പരിശോധിക്കുകയും സംശയം തോന്നിയ ലോറിയുടെ പെയ്ന്റ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഫോറന്‍സിക് ഫലം വന്നപ്പോള്‍ പൊലീസിന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞു. ഇതേ ടിപ്പര്‍ ടിപ്പര്‍ ലോറി തന്നെയാണ് ബൈക്കിലിടിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞു.

അപകട ദിവസം ടിപ്പര്‍ ഓടിച്ചിരുന്ന കക്കോടി മക്കട സ്വദേശിയെ കേസില്‍ പ്രതിയാക്കും. അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനത്തോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്.


Top Stories
Share it
Top