ബിഷപ്പിനെ ചോദ്യചെയ്യാനായി അന്വേഷണസംഘം ജലന്ധറിലേക്ക്; ആലഞ്ചേരിയുടെ മൊഴിയെടുക്കും

Published On: 2018-07-17T09:00:00+05:30
ബിഷപ്പിനെ ചോദ്യചെയ്യാനായി അന്വേഷണസംഘം ജലന്ധറിലേക്ക്; ആലഞ്ചേരിയുടെ മൊഴിയെടുക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലംഗ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്കു പോകും.

വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ വനിതാ സിവിൽ പൊലീസ് ഓഫിസർമാർ അടക്കമുള്ള സംഘമാണു പോകുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തി കണ്ട് അന്വേഷണം സംബന്ധിച്ചു ചർച്ച നടത്തി.

കന്യാസ്ത്രീയുടെ പരാതിയിൽ തെളിവെടുപ്പു പൂർത്തിയായ സാഹചര്യത്തിൽ ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാൻ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് അറിവ്. ജലന്ധറിലേക്കു പോകുന്നതിനു മുൻപ് അന്വേഷണ സംഘം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി എടുക്കും.

കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ ആലോചിച്ചിരുന്നെങ്കിലും കർദിനാൾ തമിഴ്നാട്ടിൽ ആയതു മൂലം മാറ്റിവയ്ക്കുകയായിരുന്നെന്ന് ഡിവൈഎസ്പി പറഞ്ഞു. ജലന്ധർ ബിഷപ്പിനെതിരെ 2015 നവംബറിൽ കർദിനാളിനോടു പരാതി പറഞ്ഞതായി കന്യാസ്ത്രീ മൊഴി നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

Top Stories
Share it
Top