ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Published On: 2018-05-23T17:00:00+05:30
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് നടന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കാണിച്ച് തലശ്ശേരി ഗോപാലന്‍ അടിയോടി ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപി പ്രവര്‍ത്തകരായ രമിത്ത്, സന്തോഷ്, ബിജു, പി കെ രാമചന്ദ്രന്‍, രാധാകൃഷ്ണന്‍, വിമല, കവീന്ദ്രന്‍പിള്ള, രാജേഷ് എന്നിവരുടെ കൊലപാതകത്തില്‍ പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ കേസ് സിബിഐയ്ക്ക് വിടണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.


കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേസില്‍ വിചാരണ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ഹര്‍ജിക്കാരുടെ ആവശ്യം തള്ളുകയായിരുന്നു.

Top Stories
Share it
Top