ബിജെപിയില്‍ സീറ്റ് തര്‍ക്കം രൂക്ഷം; മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രനേതൃത്വം

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ക്കു പുറമെ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റില്‍ അവകാശവാദം ഉന്നയിച്ചതോടെ സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനത്തിലെത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിയില്‍ സീറ്റ് തര്‍ക്കം രൂക്ഷം; മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രനേതൃത്വം

പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ആരു മത്സരിക്കണമെന്നതിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തര്‍ക്കം രൂക്ഷമാകുന്നു. ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിയെ പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാക്കാമെന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നെങ്കിലും അദ്ദേഹം മത്സരിക്കാനില്ലെന്നറിയിച്ചതോടെയാണ് സീറ്റിനു വേണ്ടി പിടിവലി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവര്‍ക്കു പുറമെ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സീറ്റില്‍ അവകാശവാദം ഉന്നയിച്ചതോടെ സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനത്തിലെത്താന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കാണു മുഖ്യപരിഗണന. അല്‍ഫോന്‍സ് കണ്ണന്താനവും തനിക്കു വിജയസാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ പത്തനംതിട്ടയിലേക്കു പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് എറണാകുളത്താണു സാധ്യത. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മല്‍സരത്തിനില്ലെന്ന് അറിയിച്ചിരുന്ന എം.ടി. രമേശിന്റെ കാര്യത്തില്‍ സൂചനകളില്ല. കെ. സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിച്ചേക്കും. തൃശൂരില്‍ മത്സരിക്കുന്നതിനോട് നേരത്തെ അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചിരുന്നത്.

സംസ്ഥാനത്തു ബിജെപി ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്റെ പേരു മാത്രമാണു സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചതെന്നാണ് സൂചന. പാലക്കാട് സീറ്റില്‍ ശോഭാ സുരേന്ദ്രനെയാണ് പറഞ്ഞു കേട്ടിരുന്നെങ്കിലും ആറ്റിങ്ങലില്‍ മത്സരിപ്പിക്കുമെന്ന അഭ്യുഹങ്ങളുണ്ട്. അങ്ങനെയെങ്കില്‍ സി. കൃഷ്ണകുമാറിനെ പാലക്കാടും മത്സരിപ്പിക്കും.

അതേസമയം, സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ടോം വടക്കനെ നല്ലൊരു സീറ്റില്‍ പരിഗണിക്കണമെന്നും ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

Read More >>