സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടി; ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് രണ്ടാംഘട്ടത്തിലേക്ക്

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടി 'ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ്' രണ്ടാംഘട്ടത്തിലേക്ക്. കണ്ണൂര്‍,...

സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടി; ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് രണ്ടാംഘട്ടത്തിലേക്ക്

കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സമഗ്ര സ്തനാര്‍ബുദ നിയന്ത്രണ പരിപാടി 'ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ്' രണ്ടാംഘട്ടത്തിലേക്ക്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത പഞ്ചായത്ത്, നഗരസഭ തലത്തിലാണ് പദ്ധതി നടപ്പാക്കിയത്.

പ്രത്യേക പരിശീലനം നല്‍കിയ 2000ലധികം വളണ്ടിയര്‍മാര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, മട്ടന്നൂര്‍ നഗരസഭകളില്‍ മുഴുവനായും കണ്ണൂര്‍, കോഴിക്കോട് കോര്‍പറേഷനുകളിലെ രണ്ട് വാര്‍ഡുകളും പയ്യന്നൂര്‍ നഗരസഭ (മൂന്ന്), മുക്കം നഗരസഭ (ആറ്), കുഞ്ഞിമംഗലം പഞ്ചായത്ത് (മൂന്ന്) വാര്‍ഡുകളിലാണ് വീടുകള്‍ കയറിയിറങ്ങിയത്. 88200 സ്ത്രീകളെ നേരിട്ടു കണ്ട് സ്തനാര്‍ബുദ സാധ്യത ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് പരിപാടിയും സ്തനാര്‍ബുദ പ്രതിരോധ ബോധവത്കരണവും നല്‍കി. ഒപ്പം നേരത്തെ കണ്ടെത്തുന്നതിന് സ്വയം സ്തന പരിശോധന മാസത്തിലൊരിക്കല്‍ ശീലമാക്കുന്നതിനുള്ള ഉപദേശവും നല്‍കി.

ഗൃഹസന്ദര്‍ശനത്തിനിടെ സ്തനാര്‍ബുദം സംശയിച്ച 1237 സ്ത്രീകളെ ഗ്രാമതലത്തില്‍ സഞജീവനി മൊബൈല്‍ യൂനിറ്റിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പുകളില്‍ അള്‍ട്രാ സ്‌കാന്‍ പരിശോധന, ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി എന്നീ പരിശോധനകള്‍ക്കും വിദഗ്ദ്ധ ഡോക്ടറുടെ പരിശോധനക്കും വിധേയമാക്കി. ഇതില്‍ അഞ്ചു പേര്‍ക്ക് സ്തനാര്‍ബുദം നേരത്തെയുള്ള അവസ്ഥയില്‍ കണ്ടെത്തി. സ്വയം സ്തന പരിശോധന ശീലമാക്കുമ്പോള്‍ ഉണ്ടാവുന്ന സംശയദൂരീകരണത്തിനായി കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കുന്ന സൗജന്യ സ്തനാര്‍ബുദ പരിശോധന കേന്ദ്രങ്ങളും തുടങ്ങുന്നുണ്ട്.

പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി ഗ്രാമതലത്തില്‍ ഡിജിറ്റല്‍ മാമോഗ്രാം ഉള്‍പ്പെടുത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കും. സ്വയം സ്തനപരിശോധനയിലൂടെ ഒന്നാംഘട്ടത്തില്‍ സാധ്യത മുന്‍കൂട്ടി കണ്ട് ചികിത്സ നല്‍കാനായി. കണ്ണൂര്‍ ഗൈനക് സൊസൈറ്റി, എല്‍ ആന്‍ഡ് ടി കമ്പനി, ഐഎ.ആര്‍.സി എന്നിവരുടെ സഹായവും കാന്‍സര്‍ കെയര്‍ സൊസൈറ്റിക്കുണ്ട്.ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പദ്ധതി ചെയര്‍മാന്‍ ഡി. കൃഷ്ണനാഥ പൈ, കണ്‍വീനര്‍ മേജര്‍ പി. ഗോവിന്ദന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുചിത്ര സുധീര്‍,മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.സി. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. ബി.വി. ഭട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Read More >>