കനത്ത മഴ; മൂന്നാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു 

Published On: 2018-06-11T17:45:00+05:30
കനത്ത മഴ; മൂന്നാറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു 

ഇടുക്കി: കനത്ത മഴയിൽ മൂന്നാർ ആനച്ചാലിന് സമീപം നിർമ്മാണത്തിലിരുന്ന രണ്ട് നില കെട്ടിടം തകർന്നു വീണു. അടിമാലി മൂന്നാര്‍ റൂട്ടില്‍ ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം കെട്ടിയുയര്‍ത്തിയ ബഹുനില കെട്ടിടമാണ് തകർന്നത്. ഹോംസ്റ്റേയ്ക്ക് വേണ്ടിയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇന്നു വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ആനച്ചാല്‍ മേക്കോടയില്‍ ശാരംഗതരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇയാൾ പ്രദേശത്ത് കെട്ടിട നിർമ്മാണമാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിന്റെ നിർമാണം ഏകദേശം പൂർത്തീകരിച്ചിരുന്നു. കുത്തനെയുള്ള പ്രദേശത്ത് നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞടാണ് അപകടത്തിന് കാരണം. കെട്ടിടത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മഴ ശക്തമായി തുടരുന്നതിനാൽ പ്രദേശത്ത് ഇനിയും മണ്ണിടിയുവാന്‍ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തു നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Top Stories
Share it
Top