കരിപ്പൂര്‍ വിമാനത്താവളം, അവഗണനക്കെതിരെ എംകെ രാഘവന്‍ എംപി ഉപവാസം തുടങ്ങി

Published On: 2018-07-12T11:30:00+05:30
കരിപ്പൂര്‍ വിമാനത്താവളം, അവഗണനക്കെതിരെ എംകെ രാഘവന്‍ എംപി ഉപവാസം തുടങ്ങി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് പുനാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.കെ. രാഘവന്‍ എംപി 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി. സമരം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.

വിമാനത്താവളത്തിനെതിരെ ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ അത് ജനകീയ പ്രതിരോധത്തില്‍ തകരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ വിമാനങ്ങള്‍ ഇറങ്ങാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. അനുമതിക്കായി വിമാനക്കമ്പനികള്‍ കാത്തിരിക്കുകയാണ്. വിമാനത്താവള അവഗണനക്കെതിരെ എംപിമാര്‍ പ്രധാനമന്ത്രിയേയും വ്യോമയാന മന്ത്രിയേയും കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ വിമാനത്താവളങ്ങള്‍ വരണമെന്നും പക്ഷെ സാധാരക്കാരുടെ വിമാനത്താവളമായ കരിപ്പൂരിനെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു.

നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, പാറക്കല്‍ അബ്ദുള്ള എം എല്‍ എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എംസി മായിന്‍ഹാജി, ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, പി.എം. സുരേഷ് ബാബു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.കെ. റസാഖ്, കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ബാബുരാജ്, കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം വീരാന്‍ കുട്ടി, ജോണ്‍ പൂതക്കുഴി, പി.വി. ഗംഗാധരന്‍, കെ. എം. ബഷീര്‍, എന്നിവര്‍ പ്രസംഗിച്ചു.

Top Stories
Share it
Top