ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്ലാത്തതിന് കാരണം എന്‍.സി.പി- ബി.ജെ.പി രാഷ്ട്രീയ നീക്കം: എ പ്രദീപ്കുമാര്‍ എം എല്‍ എ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധന സിനിമാ താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ നിലവാരത്തിലാണെന്നും അതൊരു ഭ്രാന്തമായ ആവേശം മാത്രമാണെന്നും എ...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്ലാത്തതിന് കാരണം എന്‍.സി.പി- ബി.ജെ.പി രാഷ്ട്രീയ നീക്കം: എ പ്രദീപ്കുമാര്‍ എം എല്‍ എ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ ആരാധന സിനിമാ താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ നിലവാരത്തിലാണെന്നും അതൊരു ഭ്രാന്തമായ ആവേശം മാത്രമാണെന്നും എ പ്രദീപ്കുമാര്‍ എം എല്‍ എ. 'ലോകകപ്പ് ഫുട്ബോള്‍; ഇന്ത്യന്‍ സ്വപ്നവും പ്രതീക്ഷയും' എന്ന വിഷയത്തില്‍ കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ചര്‍ച്ച സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പിലെ മികച്ച കളിയെ ഫാന്‍സുകാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് ഫുട്ബോളിന് ഗുണം ചെയ്യില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്റെ പ്രവര്‍ത്തനം പരാജയമാണ്. വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഫുട്ബോളിന് പ്രാധാന്യമുണ്ട്. എന്നാല്‍ കൊല്‍ക്കത്തയില്‍ പോലും പഴയ ആവേശം കാണാന്‍ സാധിക്കുന്നില്ല. പോലീസ് ,റെയില്‍വേ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ കളിക്കാരെ സംഭാവന ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല ഒരു ടൂര്‍ണമെന്റു പോലും ടിക്കറ്റ് വെച്ച് വിജയിപ്പിക്കാന്‍ ഇന്ന് സാധിക്കുന്നില്ല. ഐ എസ് എല്‍ ,ഐ ലീഗ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ ഫുട്ബോളിന് ഗുണം ചെയ്യുന്നില്ല. വിദേശത്ത് നിന്ന് പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ഐ.എസ്.എല്‍ മത്സരങ്ങളില്‍ കളിക്കാന്‍ വരുന്നതെന്നും വിദേശ രൂപമല്ല കളിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ഫുട്ബോളിന് വേണ്ടി അസോസിയേഷനുകള്‍ ഒന്നും ചെയ്തില്ലെന്ന് മുന്‍ രാജ്യാന്തര താരം കെ പി സേതുമാധവന്‍ പറഞ്ഞു.സന്തോഷ് ട്രോഫി നടത്തി ലഭിച്ച വരുമാനം പോലും ഫുട്ബോളിന് വേണ്ടി ഉപയോഗിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനുകള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കേണ്ട നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഫുട്ബോളില്‍ ടീമില്‍ ഇന്ത്യ ഇല്ലാത്തതിന്റെ കാരണം എന്‍ സി പി - ബി ജെ പി രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എല്‍ മത്സരങ്ങള്‍ കൊണ്ട് ചെറിയ മാറ്റങ്ങള്‍ വന്നതായി ഐ.എസ്.എല്‍ താരം ഷഹിന്‍ലാല്‍ പറഞ്ഞു. കൂടുതല്‍ ക്ലബ്ബുകള്‍ ഇതിലേക്ക് വരണമെന്നും നിലവില്‍ നിലനിന്ന് പോവാന്‍ ബുദ്ധിമുട്ടുള്ളതായും ഷഹിന്‍ലാല്‍ പറഞ്ഞു.മാധ്യമപ്രവര്‍ത്തകന്‍ സി പി വിജയകൃഷ്ണന്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വിപുല്‍നാഥ്,ട്രഷറര്‍ കെസി റിയാസ് എന്നിവര്‍ സംസാരിച്ചു.

Read More >>