കോഴിക്കോട് നിപ പനി ബാധിച്ച്‌ രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: അപൂര്‍വ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ്...

കോഴിക്കോട് നിപ പനി ബാധിച്ച്‌ രണ്ടുപേര്‍ കൂടി മരിച്ചു

കോഴിക്കോട്: അപൂര്‍വ വൈറസ് മൂലമുള്ള പനി ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. കൂട്ടാലിട സ്വദേശി ഇസ്മയില്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. അതിനിടെ ജില്ലയില്‍ പടരുന്ന പനിക്ക് കാരണം നിപ വൈറസ് ആണെന്ന് കണ്ടെത്തി. രോഗം ബാധിച്ച് മരിച്ചവരുടെ രക്ത-സ്രവ സാമ്പിളുകള്‍ പരിശോധിച്ച പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. വവ്വാലുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്. പനി, തലവേദന, തലകറക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

പനിക്കെതിരെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ജില്ലതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ 25 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം പനി മരണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കും. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.

നിപ വൈറസ് പനിയെ തുടര്ർന്ന് വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത് (23), സ്വാലിഹ് (26), ഇവരുടെ പിതൃസഹോദരന്‍ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം(51) എന്നിവരാണ് രണ്ടാഴ്ചക്കിടെ മരിച്ചത്. മൂസയും സ്വാലിഹിന്റെ ഭാര്യ ആത്തിഫയും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. മൂസയുടെ നിലഅതീവ ​ഗുരുതരമാണ്.