പോലീസിലെ വാദി, പ്രതിയെന്ന്  എ ഡി ജി പിയുടെ പരാതി ; ഗവാസ്ക്കറുടേത് അലക്ഷ്യ ഡ്രൈവിങ് 

Published On: 2018-06-21T17:00:00+05:30
പോലീസിലെ വാദി, പ്രതിയെന്ന്  എ ഡി ജി പിയുടെ പരാതി ; ഗവാസ്ക്കറുടേത് അലക്ഷ്യ ഡ്രൈവിങ് 

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന പൊലീസ് ഡ്രൈവർ ഗവാസ്കര്‍ക്കെതിരെ എഡിജിപി സുദേഷ്കുമാര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ഗവാസ്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായാണെന്നും പരാതിയിൽ പറയുന്നു. അലക്ഷ്യമായ വാഹനമോടിച്ചതിനാലാണു ഗവാസ്കര്‍ക്കു പരുക്കേറ്റത്. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണു ശ്രമം. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്കുമാര്‍ പരാതിയിൽ പറയുന്നു.

എഡിജിപിയുടെ മകൾ തന്നെ മർദിച്ചെന്നായിരുന്നു ഡ്രൈവറായ പൊലീസുകാരൻ ഗവാസ്കറുടെ പരാതി. കഴുത്തിനു പരുക്കേറ്റ ഗവാസ്കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഗവ. ആശുപത്രിയിലെ പരിശോധനയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി കണ്ടതിനെ തുടർന്നാണു ഗവാസ്കറെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

മൂന്നു മാസമായി ഗവാസ്കറെക്കൊണ്ട് എഡിജിപി വീട്ടുജോലികളും ചെയ്യിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഇതിനു പുറമെ എഡിജിപിയുടെ വീട്ടുകാർ വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. പലതവണ ഇതാവർത്തിച്ചപ്പോൾ ഗവാസ്കർ എഡിജിപിയോടു നേരിട്ടു പരാതിപ്പെട്ടു.

കനകക്കുന്നിൽ പ്രഭാത സവാരിക്കായി കാറിൽ കൊണ്ടുപോകുമ്പോൾ എഡിജിപിയുടെ മകൾ, താൻ പരാതി പറഞ്ഞതിനെച്ചൊല്ലി അധിക്ഷേപിച്ചു. മടക്കയാത്രയിലും ഇതു തുടർന്നതോടെ വണ്ടിയിൽ വച്ച് അധിക്ഷേപിക്കരുതെന്ന് ആവശ്യപ്പെട്ടു. അപ്പോൾ യുവതിയും അമ്മയും വാഹനം നിർത്താനാവശ്യപ്പെട്ടു പുറത്തിറങ്ങി. മൊബൈൽ ഫോൺ എടുക്കാൻ മറന്നതിനെ തുടർന്നു വീണ്ടും വാഹനത്തിൽ കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നു ഗവാസ്കർ പറയുന്നു.

Top Stories
Share it
Top