മഴക്കെടുതി: ഊര്‍ജിത നടപടികള്‍ക്ക് ജില്ല നിര്‍ദേശം; ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തും

കൊച്ചി: അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍...

മഴക്കെടുതി: ഊര്‍ജിത നടപടികള്‍ക്ക് ജില്ല നിര്‍ദേശം; ചെല്ലാനം, വൈപ്പിന്‍ മേഖലയില്‍ സംരക്ഷണ ഭിത്തി ശക്തിപ്പെടുത്തും

കൊച്ചി: അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാംപ് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ ജിയോബാഗ് സ്ഥാപിക്കലും കാന ശുചീകരണവും അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

ഫ്‌ളോട്ടിംഗ് ജെസിബി ഉപയോഗിച്ച് തോടുകളുടെ ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. അപകടകരമായ നിലയിലുളള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് കോര്‍പ്പറേഷനും പിഡബ്ല്യുഡിയും തഹസില്‍ദാര്‍മാരും ഉടന്‍ നടപടി സ്വീകരിക്കണം. 13 -ാം തീയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കണം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് തല ക്യാംപുകള്‍ ഊര്‍ജിതാമാക്കാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പരിശോധന നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഹെല്‍ത്ത് ഓഫീസര്‍ ശ്രീനിവാസനോട് ആവശ്യപ്പെട്ടു.

കടല്‍ക്ഷോഭ സാധ്യതയുളള ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ താത്കാലിക കടല്‍ ഭിത്തി നിര്‍മ്മാണവും കാന ശുചീകരണവും ദ്രുതഗതിയില്‍ നടക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമായ ബസാര്‍, കമ്പനിപ്പടി പ്രദേശങ്ങളില്‍ കടല്‍വെള്ളം വീടുകളില്‍ കയറുന്നത് തടയുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് കൊച്ചി തഹസില്‍ദാര്‍ ആംബ്രോസ് അറിയിച്ചു. ചെല്ലാനം വടക്ക് ബസാറിനു പടിഞ്ഞാറ് ഭാഗത്ത് സംരക്ഷണ ഭിത്തി തകര്‍ന്നതിനാല്‍ കടല്‍ വെള്ളം കിഴക്കുഭാഗത്തേക്ക് ഒഴുകുന്നത് തടയുന്നതിന് തോട്, കാന എന്നിവ ആഴം കൂട്ടുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു. ജിയോ ബാഗില്‍ മണ്ണു നിറച്ച് കടല്‍വെള്ളം അടിച്ചു കയറുന്നത് തടയുന്ന പ്രവൃത്തി പകുതിയോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ചെല്ലാനത്ത് കടല്‍ഭിത്തിക്ക് ബലക്ഷയം സംഭവിച്ചിട്ടുള്ള വേളാങ്കണ്ണി ബസാര്‍ മേഖല, കമ്പനിപ്പടി, ആലുങ്കല്‍ കടപ്പുറം, വേളാങ്കണ്ണി പള്ളിയുടെ വടക്ക് വശം, ചെറിയ കടവ് എന്നീസ്ഥലങ്ങളില്‍ കടല്‍ ഭിത്തി ശക്തിപ്പെടുത്തുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ല കളക്ടറുടെ അടിയന്തിര ഫണ്ട് അനുവദിച്ചിട്ടുണ്ട്.

തോട് ശുചീകരണവും കടല്‍ക്ഷോഭത്തില്‍ അടര്‍ന്നു വീണ കല്ലുകള്‍ അടുക്കിവെക്കുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കല്ലുകള്‍ തിരികെ അടുക്കി വെച്ച് ചെറിയ കടല്‍ഭിത്തിയായി നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനു പിന്നിലായി മണല്‍വാട നിരത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ജിയോ ബാഗുകള്‍ അടുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. വിജയന്‍ കനാല്‍, ഉപ്പത്തിക്കാട് തോട് എന്നിവ ശുചീകരിച്ച് വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുള്‍ ഷുക്കൂര്‍ അറിയിച്ചു. തോടുകളും കാനകളും കൈയേറുന്നത് കര്‍ശനമായി തടയണമെന്നും കൈയേറ്റം കണ്ടെത്തിയാല്‍ ഉടന്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.