ചെങ്ങന്നൂരില്‍ ജാതിമത സംഘടനകള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കും

ചെങ്ങന്നൂര്‍: ജാതിമത സംഘടനാ വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കും. മണ്ഡലത്തില്‍...

ചെങ്ങന്നൂരില്‍ ജാതിമത സംഘടനകള്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കും

ചെങ്ങന്നൂര്‍: ജാതിമത സംഘടനാ വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കുകള്‍ ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കും. മണ്ഡലത്തില്‍ ജനസംഖ്യയുടെ 26 ശതമാനം നായര്‍ സമുദായ അംഗങ്ങളാണ്. ഇതിലൊരു വിഭാഗം എന്‍.എസ്.എസുമായി ബന്ധമുള്ളവരും. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്നും ഇതില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശം നല്‍കാനുദ്ദേശിക്കുന്നില്ലെന്നും എന്‍.എസ്.എസ് നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പെന്നപോലെ സമദൂര സിദ്ധാന്തത്തിലാണ് എന്‍.എസ്.എസ്.

മണ്ഡലത്തില്‍ ഏതാണ്ട് 45000 വോട്ടുകളുണ്ടെന്ന് അവകാശപ്പൈടുന്ന ഈഴവവിഭാഗങ്ങളുടെ സംഘടനയായ എസ്.എന്‍.ഡി.പി യും സമദൂര സിദ്ധാന്തം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയും അതിന്റെ രാഷ്ട്രീയസംഘടനയായ ബി.ഡി.ജെ.എസും ബി.ജെ.പി മുന്നണിക്കൊപ്പമായിരുന്നു. ഇതിന്റെ മാറ്റം ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ വോട്ടുകളില്‍ പ്രകടമാവുകയും ചെയ്തു. ഈ വോട്ടുകള്‍ ഇത്തവണ സമദൂര സിദ്ധാന്തമനുസരിച്ച് പല മുന്നണികള്‍ക്കായി വീതിക്കപ്പെടാനാണ് സാധ്യത. പല പഞ്ചായത്തുകളിലായി ചിതറിക്കിടക്കുന്ന കൃസ്ത്യന്‍ വോട്ടുകളിലൊരു ഭാഗം കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തോടൊപ്പമാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലെന്ന പോലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി അവര്‍ രംഗത്തിറങ്ങി. മുസ്ലിം വിഭാഗത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍മാരുണ്ട്. ഇവ ഇടതു വലതു മുന്നണികള്‍ക്കായി വീതിക്കപ്പെടാനാണ് സാധ്യത. ബാക്കിവരുന്ന ദലിത് വോട്ടര്‍മാര്‍ വിവിധ ദലിത് സംഘടനകളിലോ രാഷ്ട്രീയ സംഘടനകളിലോ ആയി ചിതറിക്കിടപ്പാണ്. ഈ വോട്ടര്‍മാരധികവും അസംഘടിതരുമാണ്. വിശ്വകര്‍മ വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മോഹനന്‍ ആചാരി മത്സരരംഗത്തുണ്ട്. ദലിത് ആദിവാസി ബഹുജനമുന്നണിയുടെ ബാനറില്‍ അജി.എം ചാലക്കേരിയും മത്സരിക്കുന്നു. ജനസംഖ്യയില്‍ 45 ശതമാനത്തോളം ദലിത് വിഭാഗങ്ങളുണ്ടെന്ന് ഈ വിഭാഗം അവകാശപ്പെടുന്നു.

സമുദായത്തോട് കൂറുപുലര്‍ത്തുകയും സഹകരിക്കുകയും ചെയ്യുന്നവര്‍ക്ക് വോട്ടുനല്‍കാന്‍ ചെങ്ങന്നൂര്‍, മാവേലിക്കര യൂനിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയനുകീഴിലെ 63 ശാഖകളിലായി 13827 വീടുകളും മവേലിക്കര യൂനിയനുകീഴിലെ 13 ശാഖകളിലായി രണ്ടായിരത്തോളം വീടുകളുമുണ്ട്. മൊത്തം 45000- 50000 സമുദായ വോട്ടുകളുണ്ടെന്നാണ് എസ്.എന്‍.ഡി.പി നേതൃത്വം പറയുന്നത്. ഇവരില്‍ താഴെ തട്ടിലുള്ളവരിലധികവും പരമ്പരാഗതമായി ഇടതുമുന്നണിക്കൊപ്പം നിലപാടെടുക്കുന്നവരാണ്. മേല്‍ത്തട്ടിലുള്ളവരിലധികവും കോണ്‍ഗ്രസിനൊപ്പവും. ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ സംഘടന ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നതോടെ ഇതിലൊരു വിഭാഗം ബി.ജെ.പി അനുകൂലികളായി. നായര്‍ സമുദായ വോട്ടുകളില്‍ ശക്തമായി ഇടപെടാന്‍ കഴിവുള്ള എന്‍.എസ്.എസില്‍ പെട്ട പ്രവര്‍ത്തകര്‍ മൂന്നുമുന്നണികളിലുമുണ്ട്. ഇവരിലാരാകും കൂടുതല്‍ വോട്ട് പിടിക്കുക എന്നത് നിര്‍ണായകമാണ്. അവസാന നിമിഷം നടക്കാനിടയുള്ള അടിയൊഴുക്കുകളാകും ഇതിനെ സ്വാധീനിക്കുക. എസ്.എന്‍.ഡി.പി വോട്ടുകള്‍ കൂടുതലായി ഏത് മുന്നണി സ്വന്തമാക്കും എന്നതും അവസാന നാളുകളിലെ അടിയൊഴുക്കിനെ ആശ്രയിച്ചിരിക്കുന്നു.

പൊതുവെ യു.ഡി.എഫ് അനുകൂലമണ്ഡലമാണിതെങ്കിലും 1957 നു ശേഷം 1967,70,87, 2016 വര്‍ഷങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജയിച്ചത്. 2016 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 52280 വോട്ടു നേടിയാണ് ജയിച്ചത്. ഐക്യമുന്നണി 44897 വോട്ടുകള്‍ നേടി. ബി.ജെ.പി മുന്നണി 42682 വോട്ടും നേടി.

Read More >>