ചെങ്ങന്നൂര്‍: എസ്എന്‍ഡിപി, എന്‍എസ്എസ് തീരുമാനം നിര്‍ണായകം

ചെങ്ങന്നൂര്‍: എസ്എന്‍ഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ചെങ്ങന്നൂരില്‍ ബിജെപി മുന്നണിയോട് നിസ്സഹകരണം പ്രഖ്യാപിച്ച ബിഡിജെഎസ് എന്ത് നിലപാടെടുക്കും...

ചെങ്ങന്നൂര്‍: എസ്എന്‍ഡിപി, എന്‍എസ്എസ് തീരുമാനം നിര്‍ണായകം

ചെങ്ങന്നൂര്‍: എസ്എന്‍ഡിപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായ ചെങ്ങന്നൂരില്‍ ബിജെപി മുന്നണിയോട് നിസ്സഹകരണം പ്രഖ്യാപിച്ച ബിഡിജെഎസ് എന്ത് നിലപാടെടുക്കും എന്നത് ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസ് തുടരുകയാണെന്നും എന്നാല്‍ ഇപ്പോള്‍ അവരുമായി നിസ്സഹാകാരണത്തിലാണെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിക്കുന്നു. വോട്ട് ബിജെപിക്കു തന്നെയെന്ന് ഇന്നലെ അദ്ദേഹം സൂചന നല്‍കുകയും ചെയ്തു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ഇത് അംഗീകരിച്ചിട്ടില്ല. യോഗം നിലപാട് മെയ് 20ന് പ്രഖ്യാപിക്കുമെന്നാണ് എസ്എന്‍ഡിപി യോഗം ജന്മദിന സമ്മേളനത്തില്‍ വെള്ളാപ്പള്ളി അണികളെ അറിയിച്ചത്. ഇടതുസര്‍ക്കറിനെ പുകഴ്ത്താനും ഐക്യമുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും നല്‍കുന്ന സൂചനകള്‍ വ്യത്യസ്തം. എന്‍ഡിഎക്കു വോട്ടു ചെയ്യാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായി തുഷാര്‍ ഇന്നലെ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുന്ന സൂചനകള്‍ വന്ന ഉടനെ ആയിരുന്നു തുഷാറിന്റെ പ്രതികരണം. ബിഡിജെഎസിന്റെ നിലപാട് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനത്തെ ബാധിക്കില്ല എന്ന് വെള്ളാപ്പള്ളി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.

ഇരു മുന്നണികളെയും സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടുക എന്ന തന്ത്രമാകാമിത്. അല്ലെങ്കില്‍ യോഗവും ബിഡിജെഎസും രണ്ടു നിലപാടെടുക്കേണ്ടി വരും. ബിജെപിയോട് അസംതൃപ്തിയുള്ള അണികള്‍ വോട്ടു മാറിചെയ്താല്‍ നിയന്ത്രിക്കാനാവില്ലെന്നും തുഷാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്എന്‍ഡിപി യോഗം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ചത് ശക്തിപ്രകടനമായിരുന്നു.

സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും റാലിക്ക് സ്വീകരണം നല്‍കാന്‍ വഴിയില്‍ കത്തിരിപ്പുണ്ടായിരുന്നു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് സംഭാരം വിതരണം ചെയ്തത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആയിരുന്നു. അഡ്വ. വിവിജയകുമാറിന്റെ ആശംസകള്‍ എന്ന മഞ്ഞവര്‍്ണ നോട്ടീസും ഒപ്പം വിതരണം ചെയ്തു. മുന്‍ എംഎല്‍യും യുഡിഎഫ് വിട്ടു ഇടതുമുന്നണിക്കൊപ്പം ചേരുകയും ചെയ്ത ശോഭന ജോര്‍ജ് സ്വീകരണ പന്തലില്‍ മുന്‍ നിരയില്‍ ഇരിപ്പുണ്ടായിരുന്നു.

ആര്‍ക്കു വോട്ടുചെയ്യണമെന്നു ഔദ്യോഗികമായി ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും മൂന്നു സ്ഥാനാര്‍ത്ഥികളും മികച്ചവരാണെന്നുമാണ് എന്‍എസ്എസ് നിലപാട്. എങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പമാണ് എന്‍എസ്എസ് എന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിജയകുമാര്‍ എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. അയ്യപ്പ സേവസംഘം ദേശീയ വൈസ്പ്രസിഡന്റ് കൂടിയാണ് വിജയകുമാര്‍. എന്‍എസ്എസ് വോട്ടു അനുകൂലമാക്കാന്‍ ഇതും കാരണമാണ്.

Story by
Read More >>