ചെങ്ങന്നൂര്‍: മാണി വിഭാഗം യുഡിഎഫിനൊപ്പം; എസ്എന്‍ഡിപി സമദൂരത്തിന്

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സര ചിത്രം വ്യക്തം. ജയപരാജയ സാധ്യതകള്‍ കൂടുതല്‍ അവ്യക്തം. കേരളാകോണ്‍ഗ്രസ് മാണി വിഭാഗം...

ചെങ്ങന്നൂര്‍: മാണി വിഭാഗം യുഡിഎഫിനൊപ്പം; എസ്എന്‍ഡിപി സമദൂരത്തിന്

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സര ചിത്രം വ്യക്തം. ജയപരാജയ സാധ്യതകള്‍ കൂടുതല്‍ അവ്യക്തം. കേരളാകോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയ കുമാറിന് വോട്ടു നല്‍കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും എസ്എന്‍ഡിപി സമദൂര തീരുമാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കണക്കുകൂട്ടലുകള്‍ മാറിമറിഞ്ഞത്. കൂറുപുലര്‍ത്തുന്നവരെ സഹായിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ തീരുമാനം മൂന്നുമുന്നണികള്‍ക്കും ആശങ്കയാണ് സൃഷ്ടിച്ചത്.

യുഡിഎഫ് വിട്ടതിനു ശേഷം ഇടതുമുന്നണിയുമായി അടുക്കാന്‍ മാണി വിഭാഗം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും പാര്‍ട്ടി ഉപനേതാവ് പിജെ ജോസഫ് ഇടതുമുന്നണി വിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാണി വിഭാഗത്തിന്റെ യുഡിഎഫ് അനുകൂല തീരുമാനം. രണ്ട് ദിവസത്തെ പ്രചരണത്തിനായി മണ്ഡലത്തിലെത്തിയ വിഎസ് അച്യുതാനന്ദന്റെ ചില പ്രസ്താവനകളും മാണി വിഭാഗത്തിന്റെ തീരുമാനത്തിനു കാരണമായി.

മാണി വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെങ്കിലും ഇടതമുന്നണി ജയിക്കുമെന്ന വിഎസ്സിന്റെ പ്രസ്താവന ആ വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഐക്യമുന്നണിക്കനുകൂല തീരുമാനമുണ്ടായത്. എസ്എന്‍ഡിപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്കൊപ്പമായിരുന്നു. വോട്ടുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയ ബിജെപി സ്ഥാനാര്‍ഥി അഡ്വ പിഎസ് ശ്രീധരന്‍ പിള്ളയെ വീണ്ടും മത്സരരംഗത്തിറക്കി പരീക്ഷണത്തിനൊരുങ്ങിയത് എസ്എന്‍ഡിപി വോട്ടുകള്‍ പ്രതീക്ഷിച്ചു തന്നെ.

ബിഡിജെഎസും എസ്എന്‍ഡിപിയും വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്നാണ് വെള്ളാപ്പള്ളി നിലപാട് പ്രഖ്യാപിച്ചത്. സമദൂരം പാലിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വോട്ട് ഇടതുമുന്നണിക്കനുകൂലമാകുമെന്നാണ് പ്രതീക്ഷ. എന്‍എസ്എസ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇതിലും ചില മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഇടതുമുന്നണിക്കനുകൂലമായ ചില ചരടുവലികള്‍ നടന്നു വരികയാണ്.

2016ലെ നിയസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന്‍ നായരാണ് ജയിച്ചത്. അദ്ദേഹം 52880 വോട്ടുകള്‍ നേടി. തുടര്‍ച്ചയായി ഇരുപത് വര്‍ഷം മണ്ഡലം കാത്ത യുഡിഎഫിന് ഇത് വലിയ തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിന് 44987 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പത്തു ശതമാനത്തില്‍ താഴെമാത്രം വോട്ട് ലഭിച്ചിരുന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനം വോട്ടുകള്‍ നേടാനായി. അഡ്വ പിഎസ് ശ്രീധരന്‍ പിള്ളക്ക് 42682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി മുന്നണിയില്‍ ഉള്‍പെട്ട ബി.ഡി.ജെ.എസ് വോട്ടുകളായിരുന്നു ഈ വര്‍ധനവിന് അടിസ്ഥാനം.

ബിജെപി മുന്നണിയുമായി നിസ്സഹകരണം പ്രഖ്യാപിച്ച ബിഡിജെഎസും എസ്എന്‍ഡിപിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയുമുണ്ടായി. ബിഡിജെഎസ് മുന്നണിയില്‍ തന്നെയുണ്ടെന്നും വോട്ടുകള്‍ തനിക്കനുകൂലമാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമാണ് ഇന്ന് എസ്എന്‍ഡിപിയുടെ തീരുമാനം വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇത് ബിജെപി വോട്ടുകളില്‍ ഗണ്യമായ മാറ്റത്തിന് കാരണമായേക്കും. ഈ വോട്ടുകള്‍ ഇടതുസ്ഥാനാര്‍ഥിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു നേതൃത്വം.


Read More >>