ചെങ്ങന്നൂര്‍: യുഡിഎഫ് പരമ്പരാഗത മണ്ഡലം; രണ്ടാമൂഴത്തിനു ഇടതുമുന്നണി ശ്രമം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം ഒരു യുഡിഎഫ് അനുകൂല മണ്ഡലമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം ഇതുവരെ നടന്ന 15 തെറഞ്ഞടുപ്പുകളില്‍ പത്തിലും...

ചെങ്ങന്നൂര്‍: യുഡിഎഫ് പരമ്പരാഗത മണ്ഡലം; രണ്ടാമൂഴത്തിനു ഇടതുമുന്നണി ശ്രമം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം ഒരു യുഡിഎഫ് അനുകൂല മണ്ഡലമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം ഇതുവരെ നടന്ന 15 തെറഞ്ഞടുപ്പുകളില്‍ പത്തിലും ജയിച്ചത് യുഡിഎഫ് അനുകൂല സ്ഥാനാര്‍ഥികളായിരുന്നു. അഞ്ചുതവണ മാത്രമാണ് ഇവിടെ ജനവിധി കോണ്‍ഗ്രസിന് എതിരായത്.

തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സ് വിജയിച്ച മണ്ഡലത്തില്‍ പിസി വിഷ്ണുനാഥ് എന്ന യുവ കോണ്‍ഗ്രസ് നേതാവിനെ അട്ടിമറിച്ചത് സിപിഎം നേതാവ് അഡ്വ. കെകെ രാമചന്ദ്രന്‍ നായര്‍ ആയിരുന്നു. 1991ന് ശേഷം ആദ്യമായാണ് 2016ല്‍ ഇവിടെ ഇടതുപക്ഷം വിജയിച്ചത്. 7983 വോട്ടു ഭൂരിപക്ഷത്തിനായിരുന്നു ഇടതുപക്ഷത്തിന്റെ ആധികാരിക ജയം. രാമചന്ദ്രന്‍ നായര്‍52280 വോട്ടു നേടി. എതിര്‍ സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിന് ലഭിച്ചത് 44897 വോട്ടുമാത്രം.

ബിജെപി നേതാവും പ്രഗത്ഭ അഭിഭാഷകനുമായ പിഎസ് ശ്രീധരന്‍ പിള്ള ഈ തെരഞ്ഞെടുപ്പില്‍ വലിയ കുതിച്ചു ചാട്ടം നടത്തിയെങ്കിലും മൂന്നാം സ്ഥാനക്കാരനായി. 42682 വോട്ടുകളാണ് അദ്ദേഹം നേടിയത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പത്തു ശതമാനത്തില്‍ താഴെമാത്രം വോട്ടുകിട്ടിയ ബിജെപി 30 ശതമാനം വോട്ടുനേടിയത് യുഡിഎഫിനെ അമ്പരപ്പിച്ചിരുന്നു. ശ്രീധരന്‍പിള്ള കര്‍മം കൊണ്ട് കോഴിക്കോട് സ്വദേശിയാണെങ്കിലും ജന്മം കൊണ്ട് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വെണ്മണി സ്വദേശിയാണ്.

ഈ ഉപതെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ളയെ വീണ്ടും മത്സരിപ്പിക്കാന്‍ കാരണവും അതുതന്നെ. യുഡിഎഫും ബിജെപിയും തമ്മില്‍ 2215 വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസ്സിലെ വനിതാ നേതാവ് ശോഭന ജോര്‍ജ് മൂന്നുതവണ ഇവിടെ വിജയിച്ചു ഹാട്രിക് നേടി. പിന്നീട് 2006 ലും 11 ലും പിസി വിഷ്ണുനാഥ് ആണ് വിജയിച്ചത്.

കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവിഭക്ത കംമ്യുണിസ്റ്റു പാര്‍ട്ടിയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പിയാണ് ജയിച്ചത്. അദ്ദേഹം അന്ന് പ്രഥമ സ്പീക്കര്‍ ആയി. 1960 മുതല്‍ 80 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കെആര്‍ സരസ്വതിയമ്മ മത്സരിച്ചു. 60 ലും 65 ലും 80 ലും സരസ്വതിയമ്മ ജയിച്ചു. 1967 ലും 70 ലും സിപിഎമ്മിലെ പിജി പുരുഷോത്തമന്‍ പിള്ളയാണ് ജയിച്ചത്. 1977 ല്‍ എന്‍ഡിപിയിലെ ചാത്തന്നൂര്‍ തങ്കപ്പന്‍ പിള്ളയാണ് നിയമാസഭയിലെത്തിയത്.

1982ല്‍ എസ് രാമചന്ദ്രന്‍ പിള്ള യുഡിഎഫ് എംഎല്‍എ ആയി. 87 ലെ തരഞ്ഞെടുപ്പിളില്‍ ഇടതു- കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ഥി അഡ്വ മാമ്മന്‍ ഐപ്പ് ജയിച്ചു. എന്‍എസ്എസ് രാജിസ്ട്രാറും താലൂക് യൂണിയന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. ആര്‍ രാമചന്ദ്രന്‍ നായരാണ് പരാജയപ്പെട്ടത്. എങ്കിലും ഇടതു മുന്നണിക്ക് തുടര്‍ വിജയം കിട്ടിയില്ല. പിന്നീട് 2016 ല്‍ ആണ് കെകെ രാമചന്ദ്രന്‍ നായരിലൂടെ ഇടതുമുന്നണി ജയിച്ചത്.

പരമ്പരാഗത ഇടതു വോട്ടുകള്‍ക്കു പുറമെ നല്ലൊരു ഭാഗം എന്‍എസ്എസ് വോട്ടുകളും ഒരു വിഭാഗം എസ്എന്‍ഡിപി വോട്ടുകളുമാണ് അന്ന് ഇടതുമുന്നണിയെ തുണച്ചത്. സിപിഎമ്മില്‍ വിഎസ് വിഭാഗം നേതാവ് കൂടിയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ ഉയര്‍ന്ന വ്യക്തി ബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിപരമായ വോട്ടുകളും തുണച്ചു.

2016 ല്‍ രാമചന്ദ്രന്‍ നായരെ അനുകൂലിച്ച എന്‍എസ്എസ് വോട്ടുകള്‍ ഇക്കുറി കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന് അനുകൂലമാകാനാണ് സാധ്യത. കഴിഞ്ഞ തവണ ബിജെപിയെ തുണച്ച എസ്എന്‍ഡിപി വോട്ടുകള്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ലെങ്കില്‍ ഇവിടെ അട്ടിമറി തന്നെ നടക്കും.

Read More >>