ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തിയ്യതി ഇന്നറിയാം

Published On: 2018-03-27T10:15:00+05:30
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തിയ്യതി ഇന്നറിയാം

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 11ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക. സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സജി ചെറിയാനാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും ബിജെപിയുടേത് പി.എസ് ശ്രീധരന്‍പിള്ളയുമാണ്.

ഒപ്പം കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ പ്രഖ്യാപിക്കും. മെയ് 28ന് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തിനു മുന്‍പായി കര്‍ണാടകത്തില്‍ നിയസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍ കോണ്‍ഗ്രസിനാണ് മൂന്‍തൂക്കം.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.എസ് യദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബിജെപിയുടെ പ്രചാരണം.

Top Stories
Share it
Top