ചെങ്ങന്നൂരിലെ ഇടത്ചരിത്രവിജയം :  എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് നിലപാടുകള്‍ നിര്‍ണായകമായി

ചെങ്ങന്നൂരില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടിയതിനു പിന്നില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് സംഘടനകളുടെ നിലപാടെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു....

ചെങ്ങന്നൂരിലെ ഇടത്ചരിത്രവിജയം :  എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് നിലപാടുകള്‍ നിര്‍ണായകമായി

ചെങ്ങന്നൂരില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടിയതിനു പിന്നില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് സംഘടനകളുടെ നിലപാടെന്ന് വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളകോണ്‍ഗ്രസിന്റെ നിലപാട് മാറ്റം അവസാന ഘട്ടം വരെ നീട്ടിവെച്ചത് മറ്റൊരു കാരണമായി. 2016-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥ് നേടിയതിലും 1450-വോട്ടുകള്‍ അധികം കരസ്ഥമാക്കാന്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥി ഡി.വിജയകുമാറിന് സാധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളക്കാണ് വലിയ നഷ്ടം-7412 വോട്ടുകള്‍. ഇടതുമുന്നണിക്ക് ഭൂരിപക്ഷത്തിലുണ്ടായ വര്‍ധന 12,973 വോട്ടുകള്‍. മൊത്തം വോട്ടുകളില്‍ ഇടതുസ്ഥാനാര്‍ഥി സജി ചെറിയാന് വര്‍ധിച്ചത് 15023 വോട്ടുകള്‍. ചെങ്ങന്നൂരിലുണ്ടായ അടിയൊഴുക്കുകള്‍ ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ബി.ജെ.പി മുന്നണിയുമായി നിസ്സഹകരിച്ച എസ്.എന്‍.ഡി.പി അവസാന നിമിഷമാണ് സ്വന്തം നിലപാട് പ്രഖ്യാപിച്ചത്. സംഘടനയോട് കൂറുപുലര്‍ത്തുന്നവര്‍ക്ക് വോട്ട് നല്‍കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം. അവസാന നിമിഷം വിളിച്ചു ചേര്‍ത്ത ശാഖായോഗങ്ങളില്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കണമെന്ന നിര്‍ദേശമാണുണ്ടായത്. എസ്.എന്‍.ഡി.പി വോട്ടുകളില്‍ ഭൂരിപക്ഷവും ഇടതുമുന്നണിയുടെ പെട്ടിയില്‍ വീഴാന്‍ ഇത് കാരണമായി. ബി.ജെ.പിക്ക് മണ്ഡലത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ 6000 നും 12000 ഇടയില്‍ വോട്ടുകളാണ് കിട്ടിക്കൊണ്ടിരുന്നത്. 2016 ല്‍ ഇത് 42682 ആയി വര്‍ധിച്ചു. ഈ വര്‍ധനവ് ആവര്‍ത്തിക്കാനായില്ല എന്നു മാത്രമല്ല 7412 വോട്ടുകള്‍ കുറയുകയും ചെയ്തു. എസ്.എന്‍.ഡി.പി വോട്ടുകള്‍ നഷ്ടമായിട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 35270 വോട്ടുകള്‍ നിലനിര്‍ത്താനായി എന്നത് വസ്തുത. എന്‍.എസ്.എസിന്റ ഒരുവിഭാഗം വോട്ടുകള്‍ ഇതിന് ബി.ജെ.പിയെ സഹായിച്ചു എന്നു വേണം കരുതാന്‍. എന്നാല്‍ എന്‍.എസ്.എസ് വോട്ടുകള്‍ മൂന്നു സ്ഥാനാര്‍ഥികള്‍ക്കുമായി വിഭജിക്കപ്പെടുകയാണുണ്ടായത്.

യു.ഡി.എഫ് വിട്ട് എങ്ങുമല്ലാതെ നില്‍ക്കേണ്ടി വന്ന കേരളകോണ്‍ഗ്രസ് മാണി വിഭാഗം അണികള്‍ ഇടതുമുന്നണിയുമായി നേരത്തെ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഐക്യമുന്നണിക്ക് വോട്ടു നല്‍കാനുള്ള കെ.എം മാണിയുടെ പ്രസ്താവന അവസാന നിമിഷമാണുണ്ടായത്. നേതൃത്വത്തിലൊതുങ്ങിയ ഈ നിലപാട് അണികള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുകയോ നടപ്പിലാക്കുകയോ ഉണ്ടായില്ല. ഇതുകാരണം മാണി വിഭാഗം അണികളില്‍ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ ഇടതുമുന്നണിക്കും ലഭിച്ചു. കേരളകോണ്‍ഗ്രസ് ഭരിക്കുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന് തെളിവ്. ബി.ജെ.പിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. പഞ്ചായത്തിലെ പത്തില്‍ ഒമ്പത് ബൂത്തിലും ഇടതുമുന്നണിക്കാണ് ലീഡ്. പഞ്ചായത്തില്‍ 20 വോട്ടുകളാണ് ഇടതുമുന്നണിക്ക് ലീഡ് നേടാനായത്.
മണ്ഡലത്തിലെ നാലുഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ഇടതുമുന്നണി ഭരണം. ഉപതെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി ലീഡ് നേടി എന്നത് ശ്രദ്ധേയം. മുളക്കുഴ പഞ്ചായത്തിലാണ് ഇടതുമുന്നണിക്ക് ഉയര്‍ന്ന ലീഡ് നേടാനായത്- 3875
മുസ്ലിം കൃസ്ത്യന്‍ വോട്ടുകളില്‍ അവസാന നിമിഷമുണ്ടായ ഏകീകരണം ഇടതുമുന്നണിക്ക് ഗുണകരമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മണ്ഡലം സന്ദര്‍ശനത്തിനിടയിലുണ്ടായ ചില പ്രസതാവനകള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും സി.പി.എം നേതാക്കളുെട പ്രചരണവുമാണ് ഏകീകരണത്തിന് വഴിവെച്ചത്.

'ആര്‍.എസ്.എസ്സിന് ശത്രുതയുള്ളത് മൂന്ന് വിഭാഗങ്ങളോടാണ്. മുസ്ലിംകള്‍, കൃസ്ത്യാനികള്‍, സി.പി.എം എന്നിവയാണവ. ഈ മൂന്നു വിഭാഗത്തെയും ഉന്മൂലനം ചെയ്യുകയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. ഇതിനായി സി.പി.എം വിരുദ്ധ പ്രചാര വേലനടത്തുകയാണ് ചെയ്യുന്നത്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസും യു.ഡി.എഫും ഈ പ്രചാര വേല ഏറ്റെടുത്തിരിക്കയാണ്. ഇതിന്റെ ഭാഗമായാണ് എ.കെ ആന്റണി ചെങ്ങന്നൂരില്‍ വന്ന് സി.പി.എമ്മിനെ തോല്‍പിക്കാന്‍ ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്' ഇതായിരുന്നു കോടിയേരിയുടെ പ്രസ്താവന. ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേവിന്റെ ചില പ്രസതാവനകളും ഇതിന് അടിത്തറപാകി. മണ്ഡലത്തില്‍ ദലിത്, ആദിവാസി സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച അജി എം ചാലക്കേരിക്ക്് നോട്ടയുടെ വോട്ട് പോലും ലഭിച്ചില്ല. 137 വോട്ടാണ് അജിക്ക് ലഭിച്ചത്. നോട്ടക്ക് ലഭിച്ചതാകട്ടെ 728 വോട്ടും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പി 483 വോട്ട് നേടിയിരുന്നു.

Story by
Read More >>