മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്​ സമനില തെറ്റി: കഴിവുകേട് മറച്ചുവെയ്ക്കാൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല 

Published On: 2018-05-30 11:30:00.0
മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്​ സമനില തെറ്റി: കഴിവുകേട് മറച്ചുവെയ്ക്കാൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: തന്നെ വിടുവായനെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്​ സമനില തെറ്റിയ നിലയിലായിരുന്നെന്നും സംസ്ഥാനത്തുണ്ടായ ഗുരുതര ക്രമസമാധാന പ്രശ്​നങ്ങൾക്കുള്ള ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രശ്​നങ്ങൾക്ക്​​ മറ്റാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തന്റെ കഴിവുകേട് മറച്ചുവെക്കാൻ വേണ്ടിയാണ്​ അദ്ദേഹം നിരന്തരം മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്നത്​.​ മാധ്യമങ്ങളല്ല മുഖ്യമന്ത്രിയാണ് നാടിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു​.

മാധ്യമങ്ങൾ ചോദ്യം ചോദിക്കുമ്പോൾ അത്​ നിങ്ങളുടെ മേധാവികൾ പറഞ്ഞിട്ടുള്ള ചോദ്യമാണോ​ എന്ന്​ ചോദിക്കുന്നത്​ തന്നെ മാധ്യമ പ്രവർത്തകരെ അവ​ഹേളിക്കുന്നതിന്​ തുല്യമാണ്​. വിഡ്ഡിത്തം വിളമ്പുന്നതിൽ​ കേമനാണ്​ മുഖ്യമന്ത്രി. അദ്ദേഹം ആ കസേരയിലിരിക്കാൻ യോഗ്യനല്ല എന്ന്​ ഒാരോ ദിവസവും തെളിയിച്ച്​ കൊണ്ടിരിക്കുകയാണ്​. ഇ.എം.എസിനെ പോലെയുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ്​ പിണറായി വിജയൻ ഇരിക്കുന്നത്​ എന്നതിൽ തനിക്ക്​ വലിയ അനുതാപമാണെന്നും ചെന്നിത്തല പറഞ്ഞു.

Top Stories
Share it
Top