നീറ്റ ജലാറ്റിന്‍ മാലിന്യം ; നടപടികളുടെ പുരോ​ഗതി മുഖ്യമന്ത്രി വിലയിരുത്തി 

Published On: 13 Jun 2018 1:00 PM GMT
നീറ്റ ജലാറ്റിന്‍ മാലിന്യം ; നടപടികളുടെ പുരോ​ഗതി മുഖ്യമന്ത്രി വിലയിരുത്തി 

കൊച്ചി: നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് കാല്‍സ്യം ക്ലോറൈഡ് കലര്‍ന്ന മലിനജലം ഒഴുക്കുന്നതുമൂലമുളള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുളള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ വിലയിരുത്തി. പുഴ മലിനമാക്കുന്നത് സമീപപ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിന് സമീപവാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് പുഴയെയാണ്.

കമ്പനിയില്‍നിന്നുളള മലിനജലം കായലിലേക്ക് പൈപ്പുകള്‍ വഴി ഒഴുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുവേണ്ടി ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു.
വേനല്‍ക്കാലത്ത് പുഴയിലെ വെളളത്തിന് നിറവ്യത്യാസം കാണുന്നുണ്ട്. കമ്പനിയില്‍ നിന്നല്ലാതെ സമീപത്തെ താമസകേന്ദ്രങ്ങളില്‍ നിന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുമുണ്ട്. ഇതിന്‍റെ ഭാഗമായി ഒമ്പത് സ്ഥലത്തുനിന്ന് സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രാസമലിനീകരണം ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. ഇതിന്‍റെ കാരണം കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തും. മാലിന്യം കായലില്‍ തള്ളുന്നതിന്‍റെ ഭാഗമായുളള ജലത്തിന്‍റെ ടി.ഡി.എസ് വ്യതിയാനത്തെക്കുറിച്ചും പഠനം നടത്തും.

വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, റവന്യൂ-പരിസ്ഥിതി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍, കെ.എസ്.ഐ.ഡി.സി. എം.ഡി. എം.ബീന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top