സഭാ ഭൂമിയിടപാട്‌: ഇടനിലക്കാരന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള...

സഭാ ഭൂമിയിടപാട്‌: ഇടനിലക്കാരന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടിൽ ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ' ഇടനിലക്കാരുടെയും ഇടപാടുമായി ബന്ധമുള്ളവരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്.

സാജു വര്‍ഗീസിന്റെ വീട്, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍, വില്‍പ്പന നടത്തിയ സ്ഥലത്തിന് പകരം സഭ സ്ഥലം വാങ്ങിയ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. 13 കോടി രൂപയ്ക്ക്‌ ഭൂമി വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് പറയുന്നത്. 60 കോടിയിലധികം രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഭയുടെ ഭൂമി ഇടപാട് ആരോപണം ഉയര്‍ന്ന ശേഷം സാജു വര്‍ഗീസ് മൂന്ന് വര്‍ഷത്തെ ആദായ നികുതി ഒരുമിച്ച് അടയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും സംശയത്തിനിടയാക്കി. ഇടപാടിൽ സഭക്ക് കോടികൾ നഷ്ടമായെന്ന ആരോപണം ഉയർന്നത് അതിരൂപത അധ്യക്ഷൻ മാർ ജോർജ് ആലഞ്ചരി ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കി. പ്രശ്നത്തിൽ വത്തിക്കാൻ നേരിട്ട് ഇടപെടുകയും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് മാർ ജേസഫ് മനത്തോടത്തിനെ നിയമിക്കുകയും ചെയ്തിരുന്നു.

Read More >>