തൊഴില്‍ കേന്ദ്രത്തിലേക്ക്സിനിമയാകുന്നു

Published On: 28 July 2018 7:15 AM GMT
തൊഴില്‍ കേന്ദ്രത്തിലേക്ക്സിനിമയാകുന്നു

കോഴിക്കോട്: 1948 ല്‍ സ്ത്രീകളുടെ മാത്രം മുന്‍കയ്യില്‍ അരങ്ങിലെത്തിയ 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകം സിനിമയാകുന്നു. മറക്കുടയ്ക്കുള്ളിലെ നരകത്തില്‍ നിന്ന് തൊഴിലിടത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നമ്പൂതിരി സ്ത്രീകളുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് നാടകത്തിന്റെ പ്രമേയം. പാലക്കാട് ജില്ലാ പഞ്ചായത്താണ് നാടകത്തിന് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്.

തനതുഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. സിനിമാ നടനും സംവിധായകനുമായ എം.ജി ശശിയാണ് സംവിധനം നിര്‍വഹിക്കുന്നത്. ഇതേ നാടകം രണ്ട് വര്‍ഷം മുമ്പ് ശശിയുടെ നേതൃത്വത്തിലുള്ള നാടക സംഘം 'തൊഴില്‍ കേന്ദ്രത്തിലേക്ക് വീണ്ടും' എന്ന പേരില്‍ പുനരവതരിപ്പിച്ചിരുന്നു. അന്ന് നാടകരംഗത്തും സാംസ്‌കാരിക രംഗത്തും ഏറെ ശ്രദ്ധിക്കപ്പെട്ട നാടകമായിരുന്നു ഇത്.

കേരളത്തിലെ ്സ്ത്രീവിമോചന പോരാട്ടങ്ങളുടെ നിര്‍ണായകവും ചരിത്രപ്രാധാന്യമുള്ളതുമായ നാടകമാണിത്. ഇത് സിനിമയാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന നിലപാടിലാണ് ജില്ലാ പഞ്ചായത്ത് ഈ ദൗത്യമേറ്റെടുത്തിരിക്കുന്നത് എന്ന് പ്രസിഡണ്ട് കെ.ശാന്തകുമാരി പറഞ്ഞു. പാലക്കാടിന്റെ കൂടി ചരിത്രമാണിത്. സ്‌കൂളുകളിലും ഫെസ്റ്റിവലുകളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ പരിപാടിയുണ്ട് എന്നും അവര്‍ പറഞ്ഞു.

രചനയും സംവിധാനവും അഭിനയവുമെല്ലാം സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്ത ഈ നടകത്തിന് നാടക ചരിത്രത്തിലും ഏറെ പ്രാധാന്യമുണ്ട്. 1946 ല്‍ പാലക്കാട് ജില്ലയിലെ ലക്കിടിയിലെ ചെറുമംഗലത്ത് മനയില്‍ രൂപമെടുത്ത ്സത്രീകളുടെ തൊഴില്‍ കൂട്ടായ്മയാണ് നാടകത്തിന് അന്ന് നേതൃത്വം നല്‍കിയത്. നമ്പൂതിരി സമുദായത്തിനകത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനമായിരുന്നു മുഖ്യ പ്രമേയം.

പുരുഷ കഥാപാത്രങ്ങളെ പോലും സ്ത്രീകള്‍ തന്നെയാണ് അവതരിപ്പിച്ചിരുന്നത്. ദേവകി നിലയങ്ങോട്, തളിയില്‍ ഉമാദേവി, ഇ.എസ് സരസ്വതി, ആലമ്പിള്ളി ഉമ, പി.എം ശ്രീദേവി, എം.സാവിത്രി, പി.പ്രിയദത്ത, വി.എം ദേവസേന, കാവുങ്കര ഭാര്‍ഗവി എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഡിസംബറോടെ സിനിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അടുത്ത മാസം ചിത്രീകരണം തുടങ്ങും.

Top Stories
Share it
Top