മ‍ഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

Published On: 2018-07-28 14:30:00.0
മ‍ഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായിയുടെ അധ്യക്ഷതയില്‍ യോഗം ചേരും

തിരുവനന്തപുരം: മ‍ഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനം. ഒാഗസ്റ്റ് 5ന് ആലപ്പു‍ഴയിലാണ് യോഗം. പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭായോഗം പ്രഖ്യാപിക്കും. കോട്ടയം , ആലപ്പു‍ഴ ജില്ലകളിലെ ജനങ്ങളുടെ രോഗപ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിക്കാനും മന്ത്രിതല യോഗത്തില്‍ തീരുമാനമായി.

കോട്ടയം - ആലപ്പു‍ഴ ജില്ലകളെ സാരമായാണ് മ‍ഴ ബാധിച്ചത്. നിലവില്‍ അവിടുത്തെ നാശനഷ്ടങ്ങളെ കുറിച്ച്‌ ഇന്ന് ചേര്‍ന്ന മന്ത്രിതല യോഗം വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഒാഗസ്റ്റ് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരാനും യോഗം തീരുമാനിച്ചതായി മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. ഇതിന് ഇന്നത്തെ യോഗത്തില്‍ ധാരണയായി. കൃഷിവകുപ്പ് സെക്രട്ടറിയും ഉദ്യോഗസ്ഥരും കുട്ടനാട്ടിലെ കൃഷിനാശത്തെക്കുറിച്ചും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പ്രളയബാധിത മേഖലകളിലെ ആവശ്യമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇൗ മേഖലകളില്‍ വെള്ളം ഇറങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇറക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടനാട്ടില്‍ പ്രത്യേക ആരോഗ്യ സംഘത്തെ തന്നെ നിയോഗിക്കാനും തീരുമാനമായി.

വെള്ളക്കെട്ട് ഒ‍ഴിയുന്ന സാഹചര്യത്തില്‍ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നത്. അടുത്തമാസം ചേരുന്ന യോഗത്തില്‍ ഇൗ പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തും.

Top Stories
Share it
Top