ടിപി വധക്കേസ് പ്രതികളുമായി ജയിലിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

കണ്ണൂർ: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി....

ടിപി വധക്കേസ് പ്രതികളുമായി ജയിലിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

കണ്ണൂർ: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ഒരാളായ പി.കെ കുഞ്ഞനന്തനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയതടവുകാരനായി കഴിഞ്ഞ ജയിലിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തിയത്.

പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചിരുന്നില്ല. ശേഷം ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍ നിന്ന് പി.കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പ്രത്യഭിവാദ്യവും നടത്തി. ജയിലിലെ ചടങ്ങുകള്‍ ഒന്‍പതരയ്ക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും തടവുകാരുമായുളള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ഒന്‍പതിന് തന്നെ ജയിലില്‍ എത്തിയിരുന്നു.

ടി.പി വധക്കേസിലെ പ്രതികളായ കെ.സി രാമചന്ദ്രന്‍, ടി.കെ രജീഷ് എന്നിവര്‍ ഉള്‍പ്പെടെ 20 തടവുകാരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കെ.സി രാമചന്ദ്രനും,ടി.കെ രജീഷും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി, എംപിമാരായ കെ.കെ രാഗേഷ്, പി.കെ ശ്രീമതി, ജയില്‍ മേധാവി ആര്‍.ശ്രീലേഖ, ജയില്‍ ഉപദേശക സമിതി അംഗങ്ങളായ സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വല്‍സന്‍ പനോളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.